ഒറ്റ വിസിൽ…പിന്നെ പന്തിന് പിന്നാലെയുള്ള ജീവൻ മരണ പാച്ചിലാണ്…തൊണ്ണൂർ മിനിറ്റിലേറെ നീളുന്ന കളി…ഈ സമയത്തിനിടെ ഒരു ഫുട്‌ബോൾ കളിക്കാരൻ എത്ര കിലോമീറ്ററാണ് ഓടിത്തീർക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ ?
പ്രീമിയർ ലീഗ് കളിക്കാർ ശരാശരി 10 മുതൽ 11 കിലോമീറ്റർ വരെ ഓടേണ്ടി വരും. ലോകകപ്പ് ചരിത്രം പരിശോധിച്ചാൽ, ഒരു കളിക്കാരൻ ഒറ്റ മാച്ചിൽ എട്ടിലേറെ കിലോമീറ്ററാണ് ഓടിത്തീർക്കുന്നത്. സെൻട്രൽ മിഡ്ഫീൽഡ് കളിക്കാർക്കാണ് ഏറ്റവും കൂടുതൽ ഓടേണ്ടി വരിക. 11.2 കിമി വരും ഇത്. വിംഗേഴ്‌സ് 10.1 കിലോമീറ്ററും, സ്‌ട്രൈക്കർമാർ 9.5 കിലോമീറ്ററും, സെൻട്രൽ ഡിഫൻഡർമാർ 9.4 കിലോമീറ്ററും, ഗോൾകീപ്പർ 4.3 കിലോമീറ്ററും ഒരു മാച്ചിൽ ഓടുന്നു.
ഫിഫ പുറത്ത് വിടുന്ന കണക്കുകൾ പ്രകാരം 2014 ലെ ലോകകപ്പിൽ ജർമനിയുടെ തോമസ് മുള്ളർ ഏഴ് മാച്ചുകളിലുമായി 52.3 മൈലാണ് ഓടിത്തീർത്തത്. 2018 ൽ ക്രൊയേഷ്യൻ വിംഗർ ഇവാൻ പെരിഷിച്ച് 45.08 മൈൽ ഓടിയിരുന്നു.
എങ്ങനെയാണ് ഇവരുടെ ഓട്ടം അളക്കുന്നത് ?
കളിക്കാരുടെ ഓട്ടവും ബോൾ ട്രാക്കിംഗിനുമായി ഇലക്ട്രോണിക് പർഫോമൻസ് ആന്റ് ട്രാക്കിംഗ് സിസ്റ്റമാണ് ഫിഫ ഉപയോഗിക്കുന്നത്. പ്രീമിയർ ലീഗിൽ ആർസിനലും ലിവർപൂളും മിസൈൽ ട്രാക്കിംഗ് ടെക്‌നോളജി പോലുള്ള അതിനൂതന സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുക.