തിരുവനന്തപുരം: നിയമസഭയിൽ വിഴിഞ്ഞം വിഷയത്തിൽ വിശദമായ ചർച്ചയാണ് ഇന്ന് നടന്നത്. അടിയന്തര പ്രമേയമായി കോവളം എം എൽ എ എം വിൻസന്‍റ് വിഷയം അവതരിപ്പിച്ചതോടെ തുടങ്ങിയ ചർച്ച അവസാനിച്ചത് മുഖ്യമന്ത്രിയുടെ വിശദമായ മറുപടിയോടെയാണ്. ഇതിനിടയിൽ കുഞ്ഞാലിക്കുട്ടിയും മുഹമ്മദ് മുഹ്സിനും തമ്മിലുള്ള ചർച്ചയും ശ്രദ്ധ നേടി. പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിൻ രണ്ട് കാര്യത്തിൽ മുസ്ലിം ലീഗിന്‍റെ നിലപാട് എന്താണെന്ന ചോദ്യമാണ് ഉന്നയിച്ചത്. വിഴിഞ്ഞം തുറമുഖത്തിന്‍റെ കാര്യത്തിലെ ലീഗ് നിലപാട് എന്താണെന്നതായിരുന്നു ആദ്യം ചോദിച്ചത്. അബ്ദുറഹ്മാൻ എന്ന പേരിലെങ്ങനെയാണ് വർഗ്ഗീയത ഉണ്ടാകുന്നതെന്നും ഇക്കാര്യത്തിൽ ലീഗെന്താ മിണ്ടാത്തതെന്നതുമായിരുന്നു മുഹ്സിന് പിന്നീട് അറിയേണ്ടിയിരുന്നത്. രണ്ട് ചോദ്യങ്ങൾക്കും വിശദമായ മറുപടി തന്നെയാണ് കുഞ്ഞാലിക്കുട്ടി നൽകിയത്.
വിഴിഞ്ഞത്ത് തുറമുഖം വേണമെന്ന കാര്യത്തിൽ ലീഗിന് അഭിപ്രായ വ്യത്യാസമില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തുറമുഖം വേണ്ടത് തന്നെയാണ്. അത് നിഷേധിക്കുന്നില്ല. വലിയ ചർച്ചക്ക് ഒടുവിലാണ് തുറമുഖം നിർമ്മാണം തുടങ്ങിയത്. ഈ ഘട്ടത്തിൽ ഇങ്ങനെ സമരം ഉണ്ടാകരുതായിരുന്നു എന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. പ്രശ്നം ഉണ്ടായി എന്നത് യാഥാർത്ഥ്യമാണ്, പ്രശ്നത്തിന് എന്ത് പരിഹാരം ആണ് വേണ്ടതെന്ന കാര്യത്തിലാണ് ഇനി ചർച്ചയും നിലപാടും വേണ്ടത്, കൃത്യമായ പാക്കേജ് നടപ്പാക്കി ജനങ്ങളെ സന്തോഷിപ്പിച്ച് നിർത്താൻ സർക്കാരിന് കഴിഞ്ഞില്ലെന്നും ഇക്കാര്യത്തിലാണ് പരിഹാരം വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടികാട്ടി. നിലവിട്ട് പെരുമാറുന്ന പ്രതിഷേധങ്ങൾ അടക്കാൻ ഇനി എന്ത് ചെയ്യാൻ ആകും എന്ന് ചിന്തിക്കണമെന്നും ഇന്ത്യയിൽ ഇങ്ങനെ ഒരു തുഖമുഖമില്ലെന്നും അതുകൊണ്ടുതന്നെ വിഴിഞ്ഞം തുറമുഖം ഉണ്ടായേ മതിയാകു എന്നും മുസ്ലിം ലീഗ് നേതാവ് ആവശ്യപ്പെട്ടു.
മന്ത്രി അബ്ദുറഹ്മാനെതിരായ പരാമർശത്തെ ശക്തമായി തന്നെ അപമാനിക്കുന്നു എന്നായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്. കേരളം ഇതുവരെ കേട്ടതിൽ വച്ച് ഏറ്റവും മോശം പരാമർശം ആണ് ഉണ്ടായതെന്നും അതിന് മാന്യമായ മറുപടി ലീഗ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. സാമുദായിക സൗഹാർദം നിലനിർത്തുന്ന നിലപാടെടുത്ത ലീഗിനെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.