സെക്സിന് ഇടയിലെ വേദന ‘നോര്‍മല്‍’ ആയി കണക്കാക്കാമോ?

0
306

ആരോഗ്യകരമായ ലൈംഗികബന്ധം ശരീരത്തെയും മനസിനെയുമെല്ലാം ഒരുപോലെ മെച്ചപ്പെടുത്തുന്നതിനും വ്യക്തികളുടെ നിത്യജീവിതത്തെ ആഹ്ളാദകരവും സമ്മര്‍ദ്ദങ്ങളില്ലാത്തതാക്കാനുമെല്ലാം സഹായിക്കുന്നു. അതിനാല്‍ തന്നെ ലൈംഗികപ്രശ്നങ്ങള്‍ സമയബന്ധിതമായി കണ്ടെത്തി അത് പരിഹരിക്കേണ്ടത് അത്യാവശ്യമാണ്.

എന്നാല്‍ പലപ്പോഴും ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നതിനോ ചര്‍ച്ച ചെയ്യുന്നതിനോ നമ്മുടെ സമൂഹത്തില്‍ അനുകൂലമായ അന്തരീക്ഷമുണ്ടാകുന്നില്ല എന്നതാണ് സത്യം. ഇത് കാര്യമായ അളവില്‍ തന്നെ വ്യക്തികളുടെ ലൈംഗികജീവിതത്തെയും ബാധിക്കാം.

ഇത്തരത്തില്‍ സ്ത്രീകളെ ബാധിക്കുന്ന, ഇതുവഴി ബന്ധത്തെയും ബാധിക്കുന്നൊരു പ്രശ്നത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് ആദ്യഘട്ടങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അല്‍പം വേദന അനുഭവപ്പെടാം. താരതമ്യേന സ്ത്രീകളിലാണിത് കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ ഈ ഘട്ടത്തിന് ശേഷവും സെക്സിനിടയില്‍ വേദന നീണ്ടുനില്‍ക്കുന്നത് ‘നോര്‍മല്‍’ അല്ല. ഇതിനെ സെക്സിന്‍റെ ഭാഗമായി വരുന്ന വേദനയായി കണക്കാക്കുന്നവര്‍ വരെയുണ്ട്.

അസഹനീയമായ വേദന സെക്സിനിടെ തോന്നുന്നത് സ്ത്രീകളിലാണെങ്കില്‍ അത് മിക്കവാറും ‘വജൈനിസ്മസ്’ എന്ന അവസ്ഥയുടെ ഭാഗമായാകാം.

എന്താണ് ‘വജൈനിസ്മസ്’?

സ്ത്രീകളില്‍ വളരെ കാര്യമായ രീതിയില്‍ തന്നെ കാണപ്പെടുന്ന ലൈംഗിക പ്രശ്നമാണ് ‘വജൈനിസ്മസ്’. യോനീഭാഗത്തെ പേശികള്‍ അമിതമായി ടൈറ്റായിരിക്കുകയും അതുവഴി ലിംഗത്തിന് അകത്തുകയറാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇത് സ്ത്രീകളില്‍ അസഹ്യമായ വേദനയുണ്ടാക്കുകയും ചെയ്യുന്നു.

  1. എന്തുകൊണ്ട് ‘വജൈനിസ്മസ്’?

യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസ് (എന്‍എച്ച്എസ്) പറയുന്നത് പ്രകാരം ‘വജൈനിസ്മസ്’ എന്തുകൊണ്ടാണ് എന്നതിന് കൃത്യമായ കാരണമില്ല. എന്നാലോ ചില ഘടകങ്ങള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതുമാണ്. ഇവ ചുവടെ ചേര്‍ക്കുന്നു:-

1) യോനിയുടെ വിടവ് തീരെ ചെറുതാണെന്ന പേടി.

2) ആദ്യത്തെ ലൈംഗികാനുഭവം പേടിപ്പെടുത്തുന്നതായതിനാല്‍.

3) ഒട്ടും ആരോഗ്യകരമല്ലാത്ത മെഡിക്കല്‍ പരിശോധനയുടെ ഓര്‍മ്മ

4) സെക്സിനെ കുറിച്ച് മോശം ധാരണ, പാപബോധം എന്നിവ.

5)ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ബാധിക്കപ്പെടുന്നത്.

വജൈനിസ്മസ്’ ലക്ഷണങ്ങള്‍…

മിക്കവാറും ‘വജൈനിസ്മസ്’ ഉള്ള സ്ത്രീകള്‍ക്ക് പൂര്‍ണമായ ലൈംഗികബന്ധം സാധ്യമല്ല. എന്നാല്‍ ലൈംഗികതാല്‍പര്യത്തിനോ മറ്റുള്ള രീതിയിലുള്ള ലൈംഗികാസ്വാദനങ്ങള്‍ക്കോ ഒന്നും കുറവുണ്ടാകില്ല. ‘വജൈനിസ്മസ്’ ഉള്ളവര്‍ക്ക് സെക്സ് സാധ്യമായി വന്നാലും അത് അസഹനീയമായ വേദനയോട് കൂടിയായിരിക്കും. ഇതാണ് മറ്റൊരു ലക്ഷണം. യോനിക്ക് അകത്തേക്ക് ലിംഗപ്രവേശം നടക്കുമ്പോള്‍ തൊട്ട് അസ്വസ്ഥതയും വേദനയും അനുഭവപ്പെടുന്നത് തന്നെയാണ് ഇതിന്‍റെ പ്രധാന ലക്ഷണം.

ചികിത്സ

‘വജൈനിസ്മസ്’ ഒരിക്കലും വളരെ ഗുരുതരമായൊരു പ്രശ്നമായി കണക്കാക്കേണ്ടതില്ല. ഇത് ചികിത്സിച്ചാല്‍ ഭേദപ്പെടുത്താവുന്നതേയുള്ളൂ. തെറാപ്പി, വ്യായാമം പോലുള്ള ജീവിതശൈലീ മാറ്റങ്ങളും ഇതിന്‍റെ ചികിത്സയുടെ ഭാഗമായി വരാം. സ്ത്രീകള്‍ സ്വന്തം ശരീരം മനസിലാക്കുക, പഠിക്കുക, പ്രശ്നങ്ങള്‍ പരിഹരിക്കാൻ തയ്യാറാവുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഒപ്പം പങ്കാളിയുടെ പിന്തുണയും തേടണം. ‘വജൈനിസ്മസ്’ മാത്രമല്ല, ഇത്തരത്തിലുള്ള ഏത് പ്രശ്നങ്ങളും വ്യക്തികളുടെ തെറ്റ് അല്ലെന്നും അവ പരിഹരിക്കാവുന്നതേയുള്ളൂവെന്നും മനസിലാക്കി ധൈര്യമായി മുന്നോട്ട് പോവുക.

LEAVE A REPLY

Please enter your comment!
Please enter your name here