പ്രതിയുടെ ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം; 2015ല്‍ കൊല്ലപ്പെട്ടെന്ന് കരുതിയ പെണ്‍കുട്ടിയെ കണ്ടെത്തി

0
205

ലഖ്നൗ (ഉത്തര്‍പ്രദേശ്): 2015-ല്‍ കൊല്ലപ്പെട്ടെന്ന് കരതിയ ‘പെണ്‍കുട്ടി’യെ ജീവനോടെ കണ്ടെത്തി. ഇപ്പോള്‍ 21 വയസുള്ള യുവതിയെ യു.പിയിലെ ഹാഥ്‌റസില്‍നിന്നാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന കേസില്‍ ജയിലിലായ പ്രതിയുടെ കുടുംബാംഗങ്ങള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അലീഗഢ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ജീവനോടെ കണ്ടെത്തിയത്.

കൊല്ലപ്പെട്ടെന്ന് പറയപ്പെടുന്ന യുവതി ഹാഫ്‌റസില്‍ ജീവിച്ചിരിപ്പുണ്ടെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നുമായിരുന്നും പ്രതികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയതും യുവതിയെ കണ്ടെത്തുന്നതും.

2015-ലായിരുന്നു കേസിനാസ്പദമായ സംഭവം. പതിനാലുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. ദിവസങ്ങള്‍ക്കുശേഷം പെണ്‍കുട്ടിയുടേതെന്ന് കരുതുന്ന മൃതദേഹം ആഗ്രയില്‍നിന്ന് ലഭിച്ചതിനെത്തുടര്‍ന്ന് കുട്ടിയുടെ അയല്‍വാസിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ എഫ്.ഐ.ആറിട്ട് നടപടി ആരംഭിച്ച പോലീസ് കൊലപാതകം, തട്ടികൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പെണ്‍കുട്ടി പതിനാലുകാരിയായതിനാല്‍ പോക്സോയും പ്രതിക്കെതിരെ ചുമത്തിയിരുന്നു.

നിലവില്‍ ഇയാള്‍ ജയിലിലാണ്. പ്രതിയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ജീവനോടെ കണ്ടെത്തിയ യുവതിയെ അലീഗഢ് കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. പെണ്‍കുട്ടിയെ തിരിച്ചറിയുന്നതിനായി ഡി.എന്‍.എ പ്രൊഫൈലിംഗ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുന്നതായി അലീഗഢ് സര്‍ക്കിള്‍ ഓഫീസര്‍ രഘ്വേന്ദ്ര സിംഗ് പറഞ്ഞു. കേസിന്റെ തുടര്‍നടപടികള്‍ പ്രൊഫൈലിംഗിന്റെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനു ശേഷമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2015-ല്‍ കാണാതായ പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞാല്‍ പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here