ഇത് താക്കീത്; ലഹരിക്കേസില്‍ അറസ്റ്റിലായവരെ അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത് മഹല്ല് കമ്മിറ്റി

0
285

കാസര്‍കോട്: ഇതൊരു താക്കീതാണ്. ലഹരി ഉപയോഗിക്കുന്നവര്‍ക്കും അതിന്റെ ഇടപാട് നടത്തുന്നവര്‍ക്കും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമുള്ള താക്കീത്. ലഹരിയെന്ന മാരക വിപത്തിനെ മാറ്റിനിര്‍ത്താനുള്ള ഒരുനാടിന്റെ മാതൃകാപരമായ പോരാട്ടം കൂടിയാണിത്. കീഴൂര്‍ പടിഞ്ഞാറ് മുസ്ലിം ജമാഅത്ത് കമ്മിറ്റിയാണ് ലഹരിക്കെതിരേയുള്ള പോരാട്ടവുമായി രംഗത്തുവന്നത്.

ലഹരി ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലായ മൂന്നുപേരെയും അവരുടെ കുടുംബത്തെയും മഹല്ല് അംഗത്വത്തില്‍നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്താണ് കമ്മിറ്റി ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കിയത്. കമ്മിറ്റിക്ക് കീഴിലെ വീട്ടുകാര്‍ക്ക് സെപ്റ്റംബറില്‍ ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കിയിരുന്നു. മഹല്ല് പരിധിയില്‍ കച്ചവടം ചെയ്യുന്നവരോടുള്‍പ്പെടെ ലഹരി, മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്താല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഇതില്‍ പ്രതിയാകുന്നവരെയും അവരുടെ കുടുംബത്തെയും അംഗത്വത്തില്‍നിന്ന് മാറ്റിനിര്‍ത്തുമെന്നുമാണ് അവര്‍ അറിയിച്ചത്. ഇതുസംബന്ധിച്ച യോഗത്തിന്റെ തീരുമാനമടങ്ങിയ നോട്ടീസ് പള്ളിയിലെ നോട്ടീസ് ബോര്‍ഡില്‍ പതിച്ചു. ഓരോ വീട്ടിലും എത്തിക്കുകയും ചെയ്തു.

നടപടിക്ക് വിധേയരായവര്‍ക്ക് തെറ്റ് ബോധ്യപ്പെട്ട് തിരുത്താനും അവസരമുണ്ട്. ആറുമാസത്തിനുശേഷം ലഹരിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും അവസാനിപ്പിച്ചെന്നും നടപടിയില്‍നിന്ന് ഒഴിവാക്കണമെന്നും കാണിച്ച് ജമാഅത്തിന് അപേക്ഷ നല്‍കാം. ഇവരുടെ അപേക്ഷ ലഭിച്ച് ആറുമാസം നിരീക്ഷിച്ചശേഷം ഇത്തരം ഇടപാടുകള്‍ നിര്‍ത്തിയതായി ബോധ്യപ്പെട്ടാല്‍ നടപടി റദ്ദുചെയ്ത് അംഗത്വം പുനഃസ്ഥാപിക്കും. കേസില്‍ പ്രതിയാക്കപ്പെട്ട് ജയിലിലടക്കപ്പെട്ടവരുടെ അപേക്ഷ ജയില്‍മോചിതനായി ആറു മാസത്തിനുശേഷമാണ് പരിഗണിക്കുക. ഒരേ വ്യക്തിയുടെ പേരില്‍ തുടര്‍ച്ചയായി രണ്ടുപ്രാവശ്യം കേസെടുക്കുകയാണെങ്കില്‍ അവരുടെ അംഗത്വം റദ്ദുചെയ്യുന്നതാണെന്നും മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

വിലക്കല്ല ലക്ഷ്യം

ആരെയും വിലക്കുകയോ അവരുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയോ അല്ല ലക്ഷ്യം. നാടിനെ കാര്‍ന്നുതിന്നുന്ന ലഹരിമാഫിയയെ നിലയ്ക്ക് നിര്‍ത്താനും അത് തെറ്റാണെന്ന് ബോധ്യപ്പെടുത്താനുമുള്ള നടപടി മാത്രമാണിത്. അംഗത്വം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതുകൊണ്ട് അവരുടെ കുട്ടികള്‍ക്ക് മഹല്ലിലെ മദ്രസകളില്‍ പഠിക്കുന്നതിനും പള്ളിയിലേക്ക് വരുന്നതിനും തടസ്സമില്ല. സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയല്ല, തെറ്റിന്റെ വഴിയില്‍നിന്ന് രക്ഷിച്ച് ശരിയായ വഴിയില്‍ ചേര്‍ത്തു നിര്‍ത്തുകയാണ് ചെയ്യുക, -മഹല്ല് കമ്മിറ്റി ഭാരവാഹികള്‍

LEAVE A REPLY

Please enter your comment!
Please enter your name here