ഖത്തർ ഫിഫ ലോകകപ്പിലെ പ്രഥമ ഫാൻ കപ്പ് സ്വന്തമാക്കി പോളണ്ട്. ദോഹ അൽ ബിദ സ്റ്റേഡിയത്തിൽ നടന്ന ആരാധകരുടെ മൽസരത്തിലാണ് പോളണ്ട് ചാംപ്യൻമാരായത്.
ഗ്രൂപ്പ് ഘട്ടം, നോക്ക്-ഔട്ട് റൗണ്ടുകള്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ എന്നിങ്ങനെ ഫിഫ ലോകകപ്പ് മൽസരങ്ങളുടെ അതേ മാതൃകയിലാണ് ഫാന്‍സ് കപ്പും സംഘടിപ്പിച്ചത്. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയായിരുന്നു സംഘാടകർ. നാല് ദിവസം നീണ്ടുനിന്ന ടൂർണമെന്‍റിന്‍റെ ഫൈനലിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് പോളണ്ട് സെർബിയയെ പരാജയപ്പെടുത്തിയത്. ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിലാണ് കപ്പ് സമ്മാനിച്ചത്.
ആതിഥേയരായ ഖത്തർ ക്വാർട്ടർ ഫൈനൽ വരെയെത്തിയെങ്കിലും പോളണ്ടിനോട് പരാജയപ്പെട്ട് പുറത്താവുകയായിരുന്നു. ഇതാദ്യമായാണ് ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് ഇത്തരത്തിൽ ആരാധകരുടെ ടീമുകളുണ്ടാക്കി മൽസരം സംഘടിപ്പിക്കുന്നത്.