‘കെ.കെ. രമ ചെയറിലിരിക്കുമ്പോൾ പിണറായി വിജയൻ സർ എന്നുവിളിക്കണം’; ചരിത്രത്തില്‍ ഇടംനേടുന്ന തീരുമാനവുമായി സ്പീക്കർ

0
353

തിരുവനന്തപുരം: ചെയര്‍മാൻമാരുടെ പാനലിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ചരിത്ര തീരുമാനവുമായി സ്പീക്കര്‍ എ.എന്‍. ഷംസീർ. ആദ്യ സമ്മേളനത്തില്‍ തന്നെ സ്പീക്കർ പാനലിൽ ഇത്തവണ മുഴുവൻ വനിതകളെയാണ് അദ്ദേഹം ഉൾപ്പെടുത്തിയത്. യു. പ്രതിഭ, സി.കെ. ആശ , കെ.കെ. രമ എന്നിവരെയാണ് പാനലിൽ ഉൾപ്പെടുത്തിയത്. പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചതും സ്പീക്കർ എ എൻ ഷംസീർ തന്നെ. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ സഭയില്‍ ഇല്ലാത്ത സമയം സഭാ നടപടികള്‍ നിയന്ത്രിക്കുവാനുള്ള ചുമതലയാണ് പാനൽ അം​ഗങ്ങൾക്ക് നൽകുക.

സാധാരണഗതിയില്‍ മൂന്ന് പേര്‍ അടങ്ങുന്ന പാനലില്‍ പരമാവധി ഒരു വനിത അംഗം മാത്രമാണ് ഉള്‍പ്പെടാറുള്ളത്. ഒരു സമ്മേളനത്തില്‍ത്തന്നെ പാനലിലെ മൂന്ന് അംഗങ്ങളേയും വനിതകളില്‍ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ടത് കേരള നിയമസഭയില്‍ ആദ്യമായാണ്. ഒന്നാം കേരള നിയമസഭ മുതല്‍ സഭയുടെ നടപ്പു സമ്മേളനം വരെ ആകെ 515 അംഗങ്ങള്‍ പാനലില്‍ വന്നതില്‍ കേവലം 32 വനിതകള്‍ക്കു മാത്രമാണ് ഉൾപ്പെട്ടത്. ഈ അവസരത്തിലാണ് സ്പീക്കറുടെ തീരുമാനത്തിനുള്ള പ്രസക്തി.സ്പീക്കറായതിനുശേഷമുള്ള ആദ്യ സമ്മേളനത്തില്‍ത്തന്നെ ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയ തീരുമാനമാണ് ഷംസീർ കൈക്കൊണ്ടത്.

ആർഎംപി നേതാവ് കെ.കെ. രമ പാനലിൽ ഉൾപ്പെട്ടതും അപ്രതീക്ഷിതമായി. ഇനി കെ.കെ. രമ ചെയറിൽ ഇരിക്കുമ്പോൾ മുഖ്യമന്ത്രിക്ക് സംസാരിക്കേണ്ടി വന്നാൽ അദ്ദേഹവും സാർ എന്ന് അഭിസംബോധന ചെയ്യേണ്ടി വരും. അങ്ങനെയൊരു സാഹചര്യമുണ്ടാകുമോ എന്നതാകും ഇനി ഉറ്റുനോക്കുക. പാനൽ തെരഞ്ഞെടുക്കുമ്പോൾ പ്രതിപക്ഷത്തിന് ഒരം​ഗത്തെ നാമനിർദേശം ചെയ്യാമെന്നാണ് ചട്ടം. അങ്ങനെയാണ് കെ.കെ. രമ പാനലിൽ ഉൾപ്പെട്ടത്.  യുഡിഎഫ് അം​ഗമായ ഉമാ തോമസ് ഉണ്ടായിട്ടും രമയെ നാമനിർദേശം ചെയ്തു എന്നതും ശ്രദ്ധേയം. നേരത്തെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നതിനിടെ ഷംസീർ ഇടപെട്ടപ്പോൾ ഷംസീർ സ്പീക്കറുടെ ജോലിയേറ്റെടുക്കേണ്ടെന്ന് സതീശൻ പറഞ്ഞത് ചർച്ചയായിരുന്നു. എം.ബി. രാജേഷ് മന്ത്രിയായതിനെ തുടർന്നാണ് ഷംസീർ സ്പീക്കറായത്.

LEAVE A REPLY

Please enter your comment!
Please enter your name here