കര്‍ണാടകയില്‍ മതം നോക്കിയുള്ള വര്‍ഗീകരണ ദ്രുവീകരണ ക്യാമ്പയിനുകള്‍ സജീവമാക്കി തീവ്രഹിന്ദുത്വ സംഘടനകള്‍. മതമൈത്രി വിളിച്ചോതുന്ന ഉത്സവങ്ങളില്‍ മുസ്‌ലിം കച്ചവടക്കാര്‍ക്ക് അപ്രഖ്യാപിത വിലക്ക് കല്‍പ്പിച്ചിരിക്കുകയാണ് ഇത്തരം സംഘടനകള്‍. ക്യാമ്പയിന്റെ ഭാഗമായി കുടക് പൊന്നംപേട്ട് ഹരിഹര സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മുസ്‌ലിം കച്ചവടക്കാരനെ ഒഴിപ്പിച്ചു. കോളജ് അധ്യാപികയും ദുര്‍ഗാ വാഹിനി ജില്ല കോഓഡിനേറ്ററുമായ അംബികയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കലിന് നേതൃത്വം നല്‍കിയത്. ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്.
കര്‍ണാടകയിലെ ക്ഷേത്രപരിസരങ്ങളില്‍ മുസ്‌ലിം കച്ചവടക്കാരെ അനുവദിക്കില്ലെന്ന് അംബിക വെല്ലുവിളിച്ചു. ഹിന്ദുക്കളല്ലാത്ത കച്ചവടക്കാരെ ഉത്സവപരിസരങ്ങളില്‍ അടുപ്പിക്കില്ല. മുസ്‌ലിം കച്ചവടക്കാരനെ ക്ഷേത്രപരിസരത്തുനിന്ന് ഒഴിപ്പിക്കുന്ന വിഡിയോ ദൃശ്യവും പുറത്തുവിട്ട് അവര്‍ പറഞ്ഞു.
Hindutva groups banned Muslim traders from doing business in temple fairs at Kodagu, Karnataka.
While checking ID cards, some Hindu extremists accused a Muslim man of carrying a fake ID. He was abused & forced to vacate. pic.twitter.com/MObwUEQtez
— The Jamia Times (@thejamiatimes) November 30, 2022
കഴിഞ്ഞദിവസം ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകര്‍ കൊപ്പാലിലെ അഞ്ജനാദ്രി ക്ഷേത്രപരിസരത്ത് ഇതുസംബന്ധിച്ച് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. അഞ്ജനാദ്രി മല പവിത്രമായ ഇടമാണെന്നും അവിടെ ഹിന്ദുക്കളെ മാത്രമേ കച്ചവടം ചെയ്യാന്‍ അനുവദിക്കൂ എന്നും ചുണ്ടിക്കാട്ടി എച്ച്.ജെ.വി കൊപ്പാല്‍ ജില്ല മജിസ്‌ട്രേറ്റിന് കത്തുനല്‍കുകയും ചെയ്തു.
കഴിഞ്ഞ മാസം ബെംഗളൂരു വി.വി പുരത്ത് സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രപരിസരത്ത് കച്ചവടം ചെയ്യുന്നതില്‍നിന്ന് മുസ്‌ലിംകളെ വിലക്കണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി, ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ബി.ബി.എം.പി കമീഷണര്‍ തുഷാര്‍ ഗിരിനാഥ്, സീത്ത് ബംഗളൂരു ഡെപ്യൂട്ടി കമീഷണര്‍ പി. കൃഷ്ണകാന്ത് എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. മതത്തെ ദുരുപയോഗം ചെയ്ത് ഒരു പ്രത്യേക മതത്തിലെ കച്ചവടക്കാരെ മാത്രം വിലക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ഫെഡറേഷന്‍ ഓഫ് സ്ട്രീറ്റ് വെണ്ടേഴ്‌സ് യൂണിയന്‍ വ്യക്തമാക്കി.