എത്ര വലിയ കുറ്റവാളികൾ ആണെങ്കിലും പരാതിയുണ്ടെങ്കിൽ അത് തുറന്നു പറയണ്ടേ അല്ലേ? ഏതായാലും അത്തരത്തിലൊരു തുറന്നു പറച്ചിൽ നല്ല എട്ടിൻറെ പണിയാണ് ഒരു കുറ്റവാളിക്ക് കൊടുത്തത്. കഴിഞ്ഞ ദിവസം പൊലീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത മോസ്റ്റ് ക്രിമിനലുകളുടെ ലിസ്റ്റ് കണ്ടപ്പോഴാണ് ഒരു കുറ്റവാളിക്ക് ആത്മരോഷം ഉണ്ടായത്. ലിസ്റ്റിൽ തൻറെ പേര് ഉൾപ്പെടുത്തിയിട്ടില്ല. പൊലീസിന്റെ പോസ്റ്റിനു താഴെ ഇങ്ങനെ കമന്റ് ഇട്ടു. ‘എൻറെ പേര് എവിടെ?’ ഏതായാലും കമൻറ് ഇട്ട് മണിക്കൂറുകൾക്കകം ഉത്തരം കിട്ടി. പൊലീസ് പൊക്കിയെടുത്ത് ജയിലിൽ അടച്ചു.
ജോർജിയയിലെ റോക്ക്‌ഡെയ്ൽ കൗണ്ടി ഷെരീഫ് ഓഫീസിന്റെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽസിന്റെ പട്ടികയിൽ താൻ ഇടം നേടിയിട്ടില്ലെന്ന് അറിഞ്ഞപ്പോഴാണ്, ക്രിസ്റ്റഫർ സ്പോൾഡിംഗ് എന്ന കുറ്റവാളി തൻറെ പേര് എവിടെ എന്ന് പൊലീസിനോട് ചോദിച്ചത്. കൊലപാതകം, കവർച്ച, ആക്രമണം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായവരെ ആണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഏതായാലും ക്രിസ്റ്റഫർ സ്പോൾഡിംഗിന്റെ സംശയത്തിന് നല്ല ഒന്നാന്തരം തഗ് മറുപടിയും കൊടുത്തതിനുശേഷം ആണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസ് ഇയാളുടെ കമന്റിന് താഴെ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ‘നിങ്ങൾ പറഞ്ഞത് ശരിയാണ്. നിങ്ങളുടെ പേരിൽ രണ്ട് വാറന്റുകൾ ഉണ്ട്. ഞങ്ങൾ അങ്ങോട്ട് വന്നു കൊണ്ടിരിക്കുകയാണ്.’
ഇയാളെ പിടികൂടിയതിനുശേഷം പൊലീസ് തമാശ രൂപേണ ഇയാളുടെ ഫോട്ടോ കൂടി ചേർത്ത് ഇങ്ങനെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു: ‘നിങ്ങളെ പിടികൂടാൻ ഉള്ള ഞങ്ങളുടെ യാത്രയിൽ നിങ്ങൾ തന്നെ ഞങ്ങൾക്ക് വഴികാട്ടി ആയതിൽ നന്ദി.’ ഫേസ്ബുക്കിൽ ഇയാൾ കമൻറ് ചെയ്തതിനുശേഷം ആണ് പോലീസ് ഇയാളുടെ ലൊക്കേഷൻ കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.