‘മുസ്ലീങ്ങളെപ്പോലെ ഹിന്ദുക്കളും നേരത്തെ വിവാഹം കഴിച്ച് കൂടുതൽ കുട്ടികളെ ഉൽപാദിപ്പിക്കൂ’; എംപി വിവാദത്തില്‍

0
175

ഗുവാഹത്തി: മുസ്ലീങ്ങളെപ്പോലെ ഹിന്ദുക്കളും ചെറുപ്പത്തിലേ വിവാഹം കഴിക്കണമെന്നും കൂടുതൽ കുട്ടികളുണ്ടാകണമെന്നും അസം എംപി മൗലാന ബദറുദ്ദീൻ അജ്മൽ. ‘മുസ്ലിം ആൺകുട്ടികൾ 22 വയസ്സിലും പെൺകുട്ടികൾ 18 വയസ്സിലും വിവാഹിതരാകുന്നു. ഹിന്ദുക്കൾ 40 വയസ്സ് വരെ ഒന്നു മുതൽ മൂന്ന് വരെ ഭാര്യമാരെ അനധികൃത പാർപ്പിക്കുന്നു. അവർ കുഞ്ഞുങ്ങളെ ജനിക്കാൻ അനുവദിക്കുന്നില്ല. അവർ പണം ലാഭിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു’- എംപി വാർത്താ ചാനലിനോട് പറഞ്ഞു. എംപിയുടെ പരാമർശം വിവാദമായതിനെ തുടർന്ന് പൊലീസ് കേസെടുത്തു. ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) നേതാവാണ് ബദറുദ്ദീൻ അജ്മൽ.

മാതാപിതാക്കൾ നിർബന്ധിച്ചോ മറ്റ് കാരണങ്ങളാലോ ഹിന്ദുക്കൾ 40 വയസ്സിന് ശേഷമാണ് വിവാഹിതരാകുന്നത്. അത്തരമൊരു പ്രായത്തിൽ നിങ്ങൾ വിവാഹം കഴിച്ചാൽ കൂടുതൽ കുട്ടികളുണ്ടാകുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാകും. ഫലഭൂയിഷ്ഠമായ ഒരു നിലം ഉഴുതുമറിക്കുക, കൃത്യസമയത്ത് നിങ്ങൾക്ക് നല്ല വിളവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് അജ്മൽ പ്രസ്താവന പിൻവലിച്ചു. താൻ പറഞ്ഞത് ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ പ്രസ്താവന പിൻവലിക്കുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു.

പ്രസ്താവന വിവാദമായതിന് പിന്നാലെ ഗുവാഹത്തിയിലും ഹൈലക്കണ്ടിയിലും അദ്ദേഹത്തിനെതിരെ രണ്ട് എഫ്‌ഐആറുകളും രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ലൗ ജിഹാദ് പരാമർശത്തെയും എംപി വിമർശിച്ചു. ബദറുദ്ദീനെതിരെ ബിജെപിയും രം​ഗത്തെത്തി. ക്രമസമാധാനം തകർക്കാൻ ശ്രമിച്ച അജ്മലിനെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു. ഗുവാഹത്തിയിൽ അജ്മലിന്റെ കോലം കത്തിച്ചാണ് തൃണമൂൽ കോൺഗ്രസ് പ്രതിഷേധിച്ചത്. ബദറുദ്ദീന്‍ അജ്മല്‍ ബിജെപിയുടെ ബി ടീമാണെന്നും മതസ്പര്‍ധ വളര്‍ത്താനാണ് ഇത്തരം പരാമര്‍ശം നടത്തുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here