വാറന്റി കഴിഞ്ഞാൽ സ്‌ക്രീനിൽ പച്ച വര; ആശങ്കയിലായി ‘റിയൽമി’ ഉപയോക്താക്കൾ

0
254

ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഏറെ പരിചയമുള്ള ചൈനീസ് ബ്രാൻഡാണ് റിയൽമി. കഴിഞ്ഞ വർഷം രാജ്യത്ത് വിറ്റഴിഞ്ഞ സ്മാർട്ട്‌ഫോണുകളിൽ 16 ശതമാനത്തിലേറെയും റിയൽമിയുടേതായിരുന്നു എന്നാണ് കണക്കുകൾ. ലോകത്ത് അതിവേഗതയിൽ 50 ദശലക്ഷം ഹാൻഡ്‌സെറ്റുകൾ വിറ്റഴിച്ച ബ്രാൻഡാണ് തങ്ങളുടേതെന്നാണ് റിയൽമി അവകാശപ്പെടുന്നത്.

മിഡ്‌റേഞ്ച്, പ്രീമിയം വിഭാഗങ്ങളിൽ ഫോൺ വിൽപ്പന നടത്തുന്ന റിയൽമി, ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യത്തെ 5ജി ഫോണിന്റെ പേരിൽ പുലിവാൽ പിടിച്ചിരിക്കുകയാണ്. 2020-ൽ അവതരിപ്പിച്ച ‘എക്‌സ് 7 പ്രോ’ (X7 Pro) എന്ന മോഡലിന്റെ സ്‌ക്രീനിൽ പച്ച നിറത്തിലുള്ള വരകൾ പ്രത്യക്ഷപ്പെടുന്നുവെന്ന് വ്യാപകമായി പരാതി ഉയർന്നതോടെയാണിത്. ഒരു വർഷത്തെ വാറന്റി കാലാവധി കഴിഞ്ഞ ശേഷം സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ചെയ്തതിനു പിന്നാലെയാണ് എക്‌സ് 7 പ്രോ ഫോണുകളിൽ ഈ വിചിത്രമായ വരകൾ പ്രത്യക്ഷപ്പെടുന്നതെന്ന് ഉപയോക്താക്കൾ പരാതിപ്പെടുന്നു. ഇക്കാര്യത്തിൽ വ്യക്തമായ ഒരു വിശദീകരണം കമ്പനി ഇനിയും നൽകിയിട്ടില്ല.

ഇന്ത്യയിലെ ആദ്യത്തെ 5ജി ഫോൺ എന്നവകാശപ്പെട്ട് റിയൽമി പുറത്തിറക്കിയ എക്‌സ് 7 പ്രോയ്ക്ക് 29,999 രൂപയാണ് വില. ഒരുവർഷം പിന്നിട്ട ഫോണുകളിൽ റിയൽമി യു.ഐ 3.0 അപ്‌ഡേറ്റു ചെയ്തു കഴിഞ്ഞാൽ സ്‌ക്രീനിൽ മധ്യത്തിലോ വശങ്ങളിലോ കുത്തനെയുള്ള വരകൾ പ്രത്യക്ഷപ്പെടുന്നു എന്നാണ് പരാതി. റിയൽ കമ്മ്യൂണിറ്റിയിലും ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിലും നിരവധി പേരാണ് ഈ പ്രശ്‌നം ഉന്നയിക്കുന്നത്. ഇതേ പ്രശ്‌നവുമായി നിരവധി പേർ തങ്ങളെ സമീപിക്കുന്നുണ്ടെന്ന് കോഴിക്കോട് കുതിരവട്ടം റോഡിലുള്ള റിയൽമി സർവീസ് സെന്റർ വ്യക്തമാക്കുന്നു.

സ്‌ക്രീനിന്റെ മധ്യത്തിലോ വശങ്ങളിലോ ആണ് നീളത്തിൽ പച്ചനിറത്തിലുള്ള വര പ്രത്യക്ഷപ്പെടുന്നത്. ദിവസങ്ങൾക്കുള്ളിൽ അടുത്തടുത്തായി വേറെയും വരകൾ പ്രത്യക്ഷപ്പെടും. വാറന്റി കാലാവധി കഴിഞ്ഞതിനാൽ, ഒറിജിനൽ ഡിസ്‌പ്ലേയ്ക്ക് 7000 രൂപയിലേറെ വിലവരുന്ന ഡിസ്‌പ്ലേ മാറ്റാൻ പല ഉപയോക്താക്കളും തയാറാവാറില്ല. 29,999 രൂപ വിലയുള്ള ഫോൺ ഒരു വർഷത്തിലേറെ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കേണ്ടി വരുന്നതിലെ അമർഷം പലരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്.

വ്യാപകമായ പരാതി ഉയർന്നതോടെ ഈ മോഡലിന്റെ സ്‌ക്രീൻ വാറന്റി രണ്ടുവർഷമാക്കി ഉയർത്തിയതായി റിയൽമി അവകാശപ്പെടുന്നു. എന്നാൽ ഉപയോക്താക്കളെ ഇക്കാര്യം ഫോൺ വഴിയോ ഇ-മെയിൽ മുഖേനയോ അറിയിച്ചിട്ടില്ല. കസ്റ്റമർ കെയറിനെയോ സർവീസ് സെന്ററിനെയോ സമീപിക്കുമ്പോൾ മാത്രമാണ് ഇത്തരമൊരു ഓഫർ നിലവിലുണ്ടെന്ന് ഉപയോക്താക്കൾ അറിയുന്നത്. അതും കർശനമായ ഉപാധികളോടെയാണ് വാറന്റി നീട്ടിനൽകുന്നതും. ഒരു വർഷത്തിലേറെ ഉപയോഗിച്ച സ്‌ക്രീനിലോ ഫോണിന്റെ പുറകുവശത്തോ ചെറിയ പരിക്കുകൾ ഉണ്ടെങ്കിൽ പോലും ‘ഫിസിക്കൽ ഡാമേജ്’ എന്ന പേരിൽ വാറന്റി നിഷേധിക്കാനാണ് സർവീസ് സെന്ററുകൾക്ക് കിട്ടിയ നിർദേശം. വാറന്റി പ്രകാരം സ്ക്രീൻ മാറ്റിനൽകാമെന്നു പറഞ്ഞ് തിരിച്ചെടുത്ത ഫോണുകൾക്കു പോലും “വാട്ടർ ഡാമേജ്” എന്ന പേരിൽ സർവീസ് നിഷേധിച്ച അനുഭവം പലരും പങ്കുവെക്കുന്നു.

സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുമ്പോൾ സ്‌ക്രീൻ കേടാവുന്ന വിചിത്ര പ്രതിഭാസം റിയൽമിയുടെ മറ്റ് മോഡലുകളിലേക്കും വ്യാപിക്കുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here