കാസർകോട് ∙ ജില്ലയിൽ വോട്ടർ ഐഡി കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തത് പകുതിയിൽ താഴെ പേർ മാത്രം. വോട്ടർ പട്ടികയുമായി ആധാർ കാർഡ് ലിങ്ക് ചെയ്യുന്നതിൽ കാസർകോട് ജില്ല വളരെ പിറകിലാണെന്നും ആധാർ ലിങ്ക് ചെയ്യുന്നതിന് രാഷ്ട്രീയ പാർട്ടികൾ സഹകരിക്കണമെന്നും വോട്ടർ പട്ടിക നിരീക്ഷകൻ അലി അസ്‌കർ പാഷ പറഞ്ഞു. പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വോട്ട് ഇരട്ടിപ്പ് ഉൾപ്പെടെ ഒഴിവാക്കി വോട്ടർ പട്ടിക സുതാര്യമാക്കുന്നതിനാണ് വോട്ടർ ഐഡി കാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതു നിർബന്ധമാക്കിയത്.യോഗത്തിൽ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അധ്യക്ഷത വഹിച്ചു.
വോട്ടർ പട്ടികയിൽ ഇപ്പോൾ പേരു ചേർക്കാം
2023 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയാക്കുന്നവർക്കൊപ്പം അടുത്ത ഒക്ടോബർ 1 ന് മുൻപ് 18 വയസ്സ് പൂർത്തിയാകുന്നവർക്കും വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ മുൻകൂർ ആയി അപേക്ഷ നൽകാം. അവരുടെ അപേക്ഷകൾ പരിശോധിച്ച് 18 വയസ്സ് പൂർത്തിയാകുന്ന മുറയ്ക്ക് ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 തീയതികൾ പ്രാബല്യത്തിൽ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തും. പേര് ചേർക്കൽ, ഒഴിവാക്കൽ ഉൾപ്പെടെയുള്ള അപേക്ഷകൾ ഡിസംബർ എട്ട് വരെ സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടർ കെ.നവീൻ ബാബു അറിയിച്ചു.
ഇരട്ടിപ്പ് ഒഴിവാക്കണം
അതിർത്തി മേഖലയിൽ ഉള്ള വോട്ടർമാരിൽ നിശ്ചിത ശതമാനം ഇതര സംസ്ഥാനത്ത് സ്ഥിര താമസമാക്കിയവരും അഞ്ച് വർഷത്തിലൊരിക്കൽ നാട്ടിലെത്തി വോട്ട് ചെയ്യുന്നവരുമാണ്. അങ്ങനെയുള്ളവർക്ക് അവർ താമസിക്കുന്ന സ്ഥലങ്ങളിലെ പട്ടികയിലും പേരുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇങ്ങനെയുള്ള ഇരട്ടിപ്പ് ഒഴിവാക്കണമെന്നും എ.കെ.എം അഷ്‌റഫ് എംഎൽഎ പറഞ്ഞു. വീടിന് തൊട്ടടുത്ത് പോളിങ് ബൂത്തുണ്ടെങ്കിലും ദൂരെയുള്ള ബൂത്തിൽ പോയി വോട്ട് രേഖപ്പെടുത്തേണ്ട സാഹചര്യം വോട്ടർമാർക്ക് ഉണ്ടെന്നും ഇത് പരിഹരിച്ച് വീടിന് അടുത്തുള്ള ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തുന്നതിന് അവസരമുണ്ടാക്കും വിധം വോട്ടർ പട്ടികയിൽ മാറ്റങ്ങൾ വരുത്തണമെന്നും എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു.
കരട് വോട്ടർ പട്ടിക വന്നപ്പോൾ ഒരു വീട്ടിൽ തന്നെയുള്ളവരുടെ വോട്ടുകൾ പല ബൂത്തുകളിലേക്ക് മാറിയിട്ടുള്ളതായി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ നിരീക്ഷകന്റെ ശ്രദ്ധയിൽപ്പെടുത്തി. പഞ്ചായത്ത് രേഖകളിൽ വീട് നമ്പർ മാറുന്നതിനനുസരിച്ച് അത് വോട്ടർ പട്ടികയിൽ പ്രതിഫലിക്കുന്നില്ല.
മരണപ്പെട്ടവരുടെ പേര് ഒഴിവാക്കാൻ അപേക്ഷ നൽകിയാൽ അതിനുള്ള രേഖകൾ പരാതിക്കാരൻ ഹജരാക്കേണ്ടി വരുന്നത് പ്രയാസമാണെന്നും അതത് ബൂത്ത് ലെവൽ ഓഫിസർമാർ ഇത്തരം കാര്യങ്ങൾ കൂടി ചെയ്യണമെന്നും പാർട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു. എം.പിയുടെ പ്രതിനിധി എം.അസിനാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി.എം.എ.കരീം, എം.കുഞ്ഞമ്പു നമ്പ്യാർ, മൂസ ബി.ചെർക്കള, ബിജു ഉണ്ണിത്താൻ, മനുലാൽ മേലത്ത്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.