കാൽപന്തിനെ നെഞ്ചേറ്റിയ നാടിന്റെ മുഴുവൻ ആശീർവാദമേറ്റുവാങ്ങി ‘ഓള്’ ലോകകപ്പ് കാണാനായി മഹീന്ദ്ര ജീപ്പൊടിച്ച് ഖത്തറിലെത്തി. 49 ദിവസം നീണ്ടുനിന്ന യാത്രയ്‌ക്കൊടുവിലാണ് മാഹി സ്വദേശിനി നാജി നൗഷി ഖത്തറിലെത്തിയത്. ഓളെന്ന് പേരിട്ടിരിക്കുന്ന മഹീന്ദ്ര ഥാറിലായിരുന്നു യാത്ര. അഞ്ചു മക്കളുടെ അമ്മയും ട്രാവൽ വ്‌ളോഗറുമായ നാജി ഒക്ടോബർ 15നാണ് മാഹിയിൽനിന്ന് യാത്ര തിരിച്ചത്.
കേരളത്തിൽ നിന്ന് സേലം, ഹമ്പി വഴി മുംബൈയിലെത്തി. അവിടെ നിന്ന് ഒമാനിലേക്ക് വാഹനം കപ്പലിൽ കയറ്റി അയച്ചു. പിന്നീട് ദുബായിലെത്തിയ നാജി നൗഷി ബുർജ് ഖലീഫയും സന്ദർശിച്ചു. സൗദി വഴിയായിരുന്നു ഖത്തറിലേക്ക് പ്രവേശിച്ചത്.
ലക്ഷ്യമാണ് ഏറ്റവും പ്രധാനം അതിലേക്ക് യാത്ര ചെയ്‌ത് എത്തി. ഖത്തർ പൊലീസ് ഇവിടെ എത്തിയപ്പോൾ ഒരുപാട് സഹായിച്ചുവെന്ന് ട്വന്റിഫോറിനോട് പറഞ്ഞു. ഥാർ കൊണ്ടുപോകാൻ കഴിയില്ലെന്ന് പല ഷിപ്പിങ് കമ്പനികളും പറഞ്ഞു. ഇന്ത്യയിലെ ഒമാൻ കോൺസുലേറ്റിലെത്തി കോൺസൽ ജനറലിനെ കണ്ടാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചതെന്നും നാജി പറഞ്ഞു.
കടുത്ത അർജന്റീനിയൻ ആരാധികയായ നാജി നൗഷി മെസിയെ കാണാനായി കാത്തിരിക്കുകയാണ്. ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങൾക്ക് ശേഷമായിരിക്കും നാജി നൗഷി നാട്ടിലേക്ക് മടങ്ങുക.