ഇന്ത്യയിലെ വിമാനത്താവളങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ആദ്യ ഘട്ടം നിലവിൽ വന്നു. ഡിജി യാത്ര സംവിധാനത്തിലൂടെയാണ് കടലാസ് രഹിത യാത്രയ്ക്ക് വഴിതുറന്നിരിക്കുന്നത്. ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജി (എഫ്ആർടി) അടിസ്ഥാനമാക്കി വിമാനത്താവളങ്ങളിൽ യാത്രക്കാരെ തിരിച്ചറിയുന്നതാണ് പുതിയ സംവിധാനം. ഡൽഹി, ബെംഗളൂരു, വാരണാസി വിമാനത്താവളങ്ങളിലാണ് പദ്ധതി ആദ്യം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. യാത്രക്കാരുടെ മുഖം സ്കാൻ ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യയിലൂടെ യാത്ര പൂർണമായും ഡിജിറ്റൽ ആയി മാറുമെന്നതാണ് പ്രത്യേകത. ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോമാണ് ഡിജി യാത്രയിലൂടെ സാധ്യമാകുന്നത്.
ഡിജി യാത്ര ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിലൂടെ യാത്രക്കാര്‍ക്ക് സേവനം ലഭ്യമാകും. ഇതിനായി ഡിജി യാത്ര ആപ്പിൽ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യേണ്ടതുണ്ട്. ആധാർ നമ്പര്‍ ഉപയോഗിച്ചാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. രജിസ്ട്രേഷൻ ചെയ്യുന്ന സമയം ഉപയോക്താവിന്റെ മുഖം സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഇതിലൂടെ ഐഡിയും മറ്റ് യാത്രാ രേഖകളും യാത്രക്കാരന്റെ സ്‌മാർട്ട്‌ഫോണിൽ തന്നെ സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കും. ഉപയോക്താക്കൾക്ക് യാത്രാരേഖകൾ സൂക്ഷിക്കാനും വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ വേഗത്തിലാക്കാനും ഇത് സഹായകമാകും.തുടക്കത്തിൽ, ആഭ്യന്തര യാത്രക്കാർക്ക് മാത്രമായിരിക്കും ഡിജി യാത്ര സേവനം ലഭ്യമാവുക.
നേരത്തെ, വാരണാസി, പൂനെ, കൊൽക്കത്ത, വിജയവാഡ എന്നീ വിമാനത്താവളങ്ങളിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് സംവിധാനം 2022 മാർച്ച് മുതൽ ലഭ്യമാകുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി വി കെ സിങ് ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും എൻഇസി കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെയും സഹകരണത്തോടെയാണ് ഡിജി യാത്ര സാങ്കേതിക വിദ്യ നടപ്പിലാക്കിയിരിക്കുന്നത്. യാത്രക്കാർ വിമാനത്താവളത്തിൽ പ്രവേശിക്കുന്നത് മുതൽ വിമാനത്തിൽ കയറുന്നത് വരെ യാതൊരു തടസ്സങ്ങളും സൃഷ്ടിക്കാതെ വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ വളരെ വേഗത്തിലാക്കുന്നതിനാണ് ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജി സംവിധാനം കൊണ്ടു വന്നിരിക്കുന്നത്. യാത്ര പൂർണമായും ഡിജിറ്റൽ ആകുന്നതിലൂടെ കടലാസ് രഹിത വിമാന യാത്രയാണ് സാധ്യമാകുന്നത്.
അതേസമയം, വ്യക്തികളുടെ സ്വകാര്യതയെ പുതിയ നടപടിക്രമങ്ങള്‍ ബാധിക്കുമെന്ന വിമർശനങ്ങളും ഇതിനോടകം ഉയർന്നുകഴിഞ്ഞു. ഡാറ്റ ദുരുപയോഗം ചെയ്യുമെന്ന മുന്നറിയിപ്പാണ് പല കോണിൽ നിന്നും ഉയർന്നിരിക്കുന്നത്. നിലവിൽ, രാജ്യത്ത് വിവിധ മേഖലകളിലായി 126 ഫേഷ്യൽ റെക്കഗ്നിഷൻ ടെക്‌നോളജി (FRT) സംവിധാനങ്ങളാണുള്ളത്.