പ്രമുഖ ഫുട്‌ബോൾ ക്ലബ്ബുകളെ പങ്കെടുപ്പിച്ച് ദുബൈയിൽ ആദ്യമായി നടത്താനിരിക്കുന്ന ദുബൈ സൂപ്പർ കപ്പ് 2022നുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ 8 മുതൽ 16 വരെ അൽ നാസർ ക്ലബ്ബിലെ അൽ മക്തൂം സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന പതിപ്പിന് വലിയ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മേൽനോട്ടത്തിലാണ് ചാമ്പ്യൻഷിപ്പ് ഒരുക്കുന്നത്. നാല് യൂറോപ്യൻ ഫുട്‌ബോൾ ടീമുകൾ ചാമ്പ്യൻഷിപ്പിന്റെ ആദ്യപതിപ്പിൽ മാറ്റുരയ്ക്കും.
ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ്ബുകളായ ലിവർപൂളും ആഴ്‌സണലും, ഇറ്റാലിയൻ ഫുട്‌ബോൾ ക്ലബ് എസി മിലാൻ, ഫ്രഞ്ച് ഫുട്‌ബോൾ ക്ലബ് ഒളിംപിക് ലിയോണൈസ് എന്നീ ആരാധകരുടെ ഇഷ്ട ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് ദുബൈ ആതിഥേയത്വം വഹിക്കുന്നതിലൂടെ ആഗോള കായിക ഭൂപടത്തിൽ നഗരത്തിന്റെ സ്ഥാനം ഉറപ്പിക്കുകയാണ് ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
ഡിസംബർ 8 ന് ആഴ്‌സണലും ഒളിമ്പിക് ലിയോണൈസും തമ്മിലാണ് ആദ്യ മത്സരം. ഡിസംബർ 11 ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ലിവർപൂൾ ഒളിമ്പിക് ലിയോണൈസിനെ നേരിടും. ഡിസംബർ 13ന് ആഴ്സണൽ എസി മിലാനുമായി കളിക്കും. ഡിസംബർ 16ന് ലിവർപൂളും എസി മിലാനും തമ്മിലും മത്സരിക്കും.
ലിവർപൂൾ, ആഴ്‌സനൽ ക്ലബ്ബുകൾ ഡിസംബർ 4 ന് തന്നെ ദുബൈയിലെത്തും, ഒളിമ്പിക് ലിയോണൈസ് 5നും, തുടർന്ന് എസി മിലാൻ ക്ലബ് പ്രതിനിധികൾ ഡിസംബർ 6നും നഗരത്തിലെത്തും.