തിരുവനന്തപുരം(www.mediavisionnews.in): പ്രളയം അതിജീവിച്ച ജനതയ്‌ക്ക് മേല്‍ ഭീഷണിയായി എലിപ്പനി പടരുന്നു. മൂന്ന് ദിവസത്തിനിടെ 22 പേരാണ് സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചത്. ഈ സാഹചര്യത്തില്‍ 13 ജില്ലകളില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. തൃശൂരില്‍ ഇന്ന് രാവിലെ എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മുളങ്കുന്നത് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കോടാലി സ്വദേശി സിനേഷ് ആണ് മരിച്ചത്.
ആഗസ്റ്റ് ഒന്ന് മുതല്‍ ഇന്നലെ വരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം 269 പേര്‍ ചികിത്സ തേടിയിട്ടുണ്ട്. കോട്ടയം ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 40 പേര്‍ രോഗബാധിതരായി. കൂടാതെ സംസ്ഥാനത്താകമാനം ഉണ്ടായ 41 മരണം എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നുണ്ട്. കോഴിക്കോട് 11, മലപ്പുറം 10, പാലക്കാട് അഞ്ച്, എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മൂന്ന്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ രണ്ട്, ആലപ്പുഴ ഒന്ന് എന്നിവയാണ് എലിപ്പനിയാണോ എന്ന് സംശയിക്കുന്നത്.
ആരോഗ്യ വകുപ്പ് ചികിത്സാ പ്രോട്ടോക്കാള്‍ പുറത്തിറക്കി
പ്രളയത്തോടനുബന്ധിച്ച് സംസ്ഥാനത്ത് എലിപ്പനി റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം ചികിത്സ പ്രോട്ടോകോള്‍ പുറത്തിറക്കിയിരുന്നു. എലിപ്പനി ശക്തമായി നിയന്ത്രിക്കുന്നതിന് വേണ്ടി അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് പ്രതിരോധം, ചികിത്സ, സാമ്ബിള്‍ കളക്ഷന്‍ എന്നിവയില്‍ പാലിക്കേണ്ട നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചതാണ് പ്രോട്ടോകോള്‍. ഈ പ്രോട്ടോകോള്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ നിര്‍ദേശം നല്‍കി.
രോഗം മൂര്‍ച്ഛിച്ചവര്‍ക്ക് പലര്‍ക്കും പെന്‍സിലിന്‍ ചികിത്സ ആവശ്യമായി വരും. അതുകൊണ്ടുതന്നെ താലൂക്ക് ആശുപത്രി മുതലുള്ള എല്ലാ ആശുപത്രികളിലും പെന്‍സിലിന്റെ ലഭ്യതയും ഇതിനുവേണ്ട മുന്‍കരുതലുകളും ഉറപ്പ് വരുത്തിയിട്ടുണ്ട്. പെന്‍സിലിന്‍ ചികിത്സയെപ്പറ്റി കൃത്യമായ മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മാത്രമായി ആശുപത്രികളില്‍ പ്രത്യേക കൗണ്ടര്‍ തുടങ്ങുന്നതാണ്. ഈ കൗണ്ടര്‍ വഴി പ്രതിരോധ ഗുളികകള്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
മാര്‍ഗനിര്‍ദേശങ്ങള്‍
രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും സന്നദ്ധ പ്രവര്‍ത്തകരും വീട് വൃത്തിയാക്കാന്‍ പോയവരും ആഴ്ചയില്‍ ഒരിക്കല്‍ എലിപ്പനിയ്‌ക്കുള്ള പ്രതിരോധ ഗുളികയായ 200 എം.ജി. ഡോക്‌സിസൈക്ലിന്‍ കഴിക്കണം. 100 എം.ജി.യിലുള്ള 2 ഗുളികകള്‍ ഒരുമിച്ച് കഴിക്കണം. കഴിഞ്ഞ ആഴ്‌ച ഗുളിക കഴിച്ചവര്‍ ഈ ആഴ്‌ചയും കഴിക്കണം
പ്രതിരോധ മരുന്നുകള്‍ കഴിച്ചവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്ബോള്‍ കയ്യുറയും കാലുറയും ഉള്‍പ്പെടെയുള്ള സ്വയം പരിരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം
പ്രളയബാധിത പ്രദേശത്ത് താമസിച്ചവരോ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരോ പനി, ശരീര വേദന എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ആശുപത്രിയിലെത്തി ചികിത്സ തേടണം.