ബിഹാറിലെ പറ്റ്‌നക്കടുത്തുള്ള യാര്‍പൂര്‍ രജപുത്താനയിI പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ടവര്‍ കുറച്ചുനാളായി പ്രവര്‍ത്തിക്കുന്നില്ല. പരാതികള്‍ വന്നപ്പോള്‍ മൊബൈല്‍ കമ്പനി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അവിടെ ചെന്നതും അവര്‍ ഞെട്ടി! തങ്ങളുടെ മൊബൈല്‍ ടവര്‍ കാണാേനയില്ല!
സ്ഥലമുടമയോട് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് ഞെട്ടിക്കുന്ന കഥയാണ്. രണ്ട് ആഴ്ച മുമ്പ് മുമ്പ് മൊബൈല്‍ ടവര്‍ ഉദ്യോഗസ്ഥര്‍ എന്ന് സ്വയം പരിചയപ്പെടുത്തി രണ്ടു മൂന്ന് പേര്‍ സ്ഥലത്തെത്തി. അവര്‍ സ്ഥലമുടമയെ കണ്ട് ഒരു പ്രധാനപ്പെട്ട കാര്യം അറിയിച്ചു. മൊബൈല്‍ ടവറിന്റെ കരാര്‍ തങ്ങള്‍ അവസാനിപ്പിക്കുകയാണ്. അടുത്ത ദിവസം തന്നെ തങ്ങളുടെ ജീവനക്കാര്‍ വന്ന് ടവര്‍ അഴിച്ചു കൊണ്ടുപോവും.
Bihar crime: After the #bridge, #train #Engine parts, gang steals #mobile tower in #Patna. Read more at: https://t.co/SMZOHNXpBJ pic.twitter.com/oJ46sGVT5o
— Free Press Journal (@fpjindia) November 27, 2022
അതേ പോലെ നടന്നു. പത്തിരുപത്തഞ്ച് പേര്‍ അടുത്ത ദിവസം തന്നെ സ്ഥലത്തെത്തി. അവരുടെ കൈയില്‍ ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ മൊബൈല്‍ ടവര്‍ ഓരോ ഭാഗങ്ങളായി രണ്ടു ദിവസം ്‌കൊണ്ട് അഴിച്ചു മാറ്റി. അതിനുശേഷം, ആ സാധനങ്ങളെല്ലാം ഒരു ട്രക്കില്‍ കയറ്റി കൊണ്ടുപോയി. കമ്പനി ഉദ്യോഗസ്ഥര്‍ ആണെന്നു കരുതിയതിനാല്‍ താന്‍ ഇക്കാര്യം മറ്റാരോടും പറഞ്ഞില്ല എന്നും സ്ഥലമുടമ പറഞ്ഞു.
അതോടെ മൊബൈല്‍ കമ്പനിക്കാര്‍ ആകെ അന്തംവിട്ടു. 16 വര്‍ഷം മുമ്പ് സ്ഥാപിച്ചതാണ് ഈ മൊബൈല്‍ ടവര്‍. സ്ഥലമുടമയ്ക്ക് ഇതിനായുള്ള വാടക എല്ലാ മാസവും നല്‍കിവരുന്നുണ്ട്. 19 ലക്ഷം രൂപ വിലയുള്ള ടവര്‍ തങ്ങള്‍ അറിയാതെയാണ്, മറ്റാരോ വന്ന് അടിച്ചുമാറ്റിയതെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മൊബൈല്‍ കമ്പനി ഉടമകള്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി. 25 പേരടങ്ങുന്ന കവര്‍ച്ചാ സംഘം തങ്ങളുടെ പ്രതിനിധികള്‍ ആണെന്ന് പറഞ്ഞ് മൊബൈല്‍ ടവര്‍ അടിച്ചുമാറ്റുകയായിരുന്നു എന്നാണ് പരാതിയില്‍ പറഞ്ഞത്. പൊലീസ് കേസ് എടുത്ത് സംഭവം വിശദമായി അന്വേഷിക്കാനാരംഭിച്ചു. എന്നാല്‍, കവര്‍ച്ചാ സംഘത്തെക്കുറിച്ച് അവര്‍ക്ക് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
അടുത്തിടെ, ബിഹാറില്‍ തന്നെ ബെഗുസാരായി ജില്ലയിലെ ഒരു റെയില്‍വേ യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ട ട്രെയിന്‍ എഞ്ചിന്‍ വലിയ തുരങ്കം കുഴിച്ച് കവര്‍ച്ചക്കാര്‍ പല ഭാഗങ്ങളായി കടത്തിയിരുന്നു. പല കഷണങ്ങളായി എഞ്ചിന്‍ അടര്‍ത്തി മാറ്റി ദിവസങ്ങള്‍ എടുത്താണ് കവര്‍ച്ചക്കാര്‍ തുരങ്കം വഴി കടത്തിയത്. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എഞ്ചിന്റെ 95 ശതമാനം ഭാഗങ്ങള്‍ കണ്ടെടുത്തതായി പൊലീസ് അവകാശപ്പെടുന്നു.