ദോഹ: ഇങ്ങനെയും ഒരു രംഗം ഉണ്ടായിരുന്നു ഇക്കഴിഞ്ഞ ജര്‍മനി -സ്‌പെയിന്‍ മത്സരത്തിനിടെ. മുന്‍ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ മെസൂദ് ഓസിലിന്റെ ചിത്രം കയ്യില്‍ പിടിച്ച് വായ പൊത്തിപ്പിടിച്ച് നില്‍ക്കുന്ന ഖത്തര്‍ ആരാധകര്‍. എല്‍.ജി.ബി.ടി.ക്യൂ സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വണ്‍ ലൗ ആം ബാന്‍ഡ് നിഷേധിച്ചതിന് വാപൊത്തി പ്രതിഷേധിച്ച ജര്‍മനിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുകയായിരുന്നു ഇവര്‍. വംശീയതയുടെ അപോസ്തലന്‍മാരോട് അവരുടെ നിലപാടിന്റെ പേരില്‍ കളമുപേക്ഷിച്ച ഓസിലിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെടുന്നതായിരുന്നു പ്രതിഷേധം.
തുര്‍കിഷ് വേരുകളുള്ള ജര്‍മനാണ് ഓസില്‍. രാജ്യത്തിനായി കളി ജയിക്കുമ്പോള്‍ ഞാന്‍ ജര്‍മന്‍ ആണെന്നും അല്ലാത്തപ്പോള്‍ കുടിയേറ്റക്കാരന്‍ ആണെന്നും സങ്കടത്തോടെ പറഞ്ഞ ഒരാള്‍.
2018 ലോകകപ്പിനു മുമ്പ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്റെ വിരുന്നിന് ഓസില്‍ ക്ഷണിക്കപ്പെട്ടു. അത് സ്വീകരിച്ചു. അദ്ദേഹത്തോടൊപ്പം ഫോട്ടോയുമെടുത്തു. ജര്‍മന്‍ ഫുട്ബാള്‍ അസോസിയേഷന്‍ ഇക്കാര്യങ്ങളില്‍ അദ്ദേഹത്തോട് കയര്‍ത്തു. സഹതാരങ്ങളുള്‍പെടെയുള്ള വംശീയ പരാമര്‍ശങ്ങള്‍ക്ക് അദ്ദേഹം ഇരയായി. ജര്‍മന്‍ ടീമിലെ ഒരാള്‍ പോലും അന്ന് അദ്ദേഹത്തോട് ഐക്യപ്പെട്ടില്ല.
ഒരിക്കല്‍ സ്വീഡന് എതിരെയുള്ള കളിക്ക് ശേഷം ഒരാരാധകന്‍ അയാളോട് പറഞ്ഞത് ഇങ്ങനെയാണ്; Özil, fuck off you Turkish shit, piss off you Turkish pig. ഉയിഗുറിലെ മുസ്‌ലിംകള്‍ക്ക് വേണ്ടി സംസാരിച്ചതിനും മക്കയില്‍ പോയി ഉംറ നിര്‍വഹിച്ച ചിത്രം പങ്കു വച്ചതിനും വരെ വംശീയ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട് അയാള്‍ക്ക്. ഏതായാലും ഇരുപത്തി ഒന്‍പതാം വയസ്സില്‍ പ്രതിഭാധനനായ ആ മിഡ്ഫീല്‍ഡര്‍ ജര്‍മനിക്ക് കളിക്കുന്നത് അവസാനിപ്പിച്ചു.
വംശീയതയുടെ വെറുപ്പ് പേറുന്നവര്‍ വേറയുമുണ്ട് ഫുട്‌ബോള്‍ ലോകത്ത്. ജയിക്കുമ്പോള്‍ മാത്രം അന്നാട്ടുകാരാവുകയും തോല്‍ക്കുമ്പോള്‍ അതിന്റെ മുഴുവന്‍ ഭാരവും പേറി കൂട്ടത്തില്‍ ഒറ്റപ്പെട്ടു പോവുകയും ചെയ്യുന്നവര്‍.