കോഴിക്കോട്: സമസ്തയ്ക്ക് പിന്നാലെ ഫുട്ബാൾ ആവേശത്തിനെതിരെ പ്രചാരണവുമായി കൂടുതൽ മതനേതാക്കൾ രംഗത്ത്. ഫുട്ബാൾ താരങ്ങളുടെ കട്ടൗട്ടുകൾ ഇസ്ലാമിക വിരുദ്ധമാണെന്ന വാദവുമായി സമസ്ത എ പി വിഭാഗം രംഗത്തെത്തി. ഇതിനെതിരെ മതനേതൃത്വം രംഗത്തുവരണമെന്ന് എസ് വെെ എസ് നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫി ആവശ്യപ്പെട്ടു. അതിനിടെ, ഫുട്ബാൾ ലഹരി ഇസ്ലാമിക വിരുദ്ധമാണെന്ന് സലഫി പ്രഭാഷകൻ അബ്ദുൽ മുഹ്സിൻ ഐദീദ് പറഞ്ഞു.
ഫുട്ബാളിന്റെയും ക്രിക്കറ്രിന്റെയും പേരിൽ യുവാക്കൾ അവരുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗം നശിപ്പിക്കുമ്പോൾ അത് തിരുത്താൻ പോലും ആളുകൾക്ക് ധെെര്യമില്ലെന്നും താരങ്ങളെ കൺകണ്ട ദെെവമെന്നാണ് യുവാക്കൾ വിശേഷിപ്പിക്കുന്നതെന്നും മുഹ്സിൻ ഐദീദ് പറഞ്ഞു.
‘ഫുട്ബാളിന്റെയും ക്രിക്കറ്റിന്റെയും താരങ്ങളെ ദെെവമെന്നാണ് വിശേഷിപ്പിക്കുന്നു. ഇവർ വിചാരിച്ചാൽ നടക്കാത്ത കാര്യമില്ലെന്ന് പറയുന്നു. കുറച്ച് നേരം അങ്ങോട്ടുമിങ്ങോട്ടും ഓടിയാൽ അതിനുവേണ്ടി കോടികൾ വാങ്ങുന്ന, ബുദ്ധിയില്ലാത്ത, യാതൊരു അർത്ഥവുമില്ലാത്ത കാര്യങ്ങൾ, അതിന്റെ പിന്നിൽ ജനങ്ങളെ തളച്ചിടുന്ന ആളുകൾ, അവരെ പുകഴ്ത്തുകയും അമിതമായി വാഴ്ത്തുകയുമാണ്. വലിയ കട്ടൗട്ടുകള്‍ വെച്ച് അഭിമാനം നടിക്കുകയും അഹങ്കാരം പറയുകയുമാണ്.’- എന്ന് അബ്ദുല്‍ മുഹ്‌സിന്‍ ഐദീദ് കുറ്റപ്പെടുത്തി.