പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അടുത്ത ക്ലബ് പ്രവേശനം എവിടേക്ക് എന്ന ആകാംക്ഷയിലാണ് ലോകമാകെയുള്ള ഫുട്ബോൾ ആരാധകർ.
മാഞ്ചസ്റ്റർ യൂണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ച ശേഷം പുതിയ ക്ലബ് തിരയുന്ന താരത്തിന് മുന്നിലേക്ക് 305 മില്യൺ പൗണ്ടിന്റെ വമ്പൻ വാഗ്‌ദാനമാണ് സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ മുമ്പോട്ട് വെച്ചിരിക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് മുഖേന അൽ ഹിലാൽ ക്ലബ് തന്നെ ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ വാങ്ങാൻ താൽപര്യപ്പെട്ട കാര്യം റൊണാൾഡോ തന്നെയാണ് വെളിപ്പെടുത്തിയത്.
ടാൽക് ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ അൽ ഹിലാലിന്റെ ഓഫറിനെ കുറിച്ച് പരാമർശിച്ചത്.
തുടർന്ന് ഈ ഓഫർ താൻ നിരസിച്ചതായും റൊണാൾഡോ വെളിപ്പെടുത്തി.
എന്നാൽ താരത്തെ സ്വന്തമാക്കാനുള്ള നടപടികളിൽ നിന്നും ക്ലബ് ഒട്ടും തന്നെ പിന്നോട്ട് പോയിട്ടില്ല.
സൗദി അറേബ്യൻ കായിക മന്ത്രിയായ പ്രിൻസ് അബ്ദുൽ അസീസ് ബിന് തുർക്കി അൽ ഫൈസൽ റൊണാൾഡോയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിചിരുന്നു.
ആരാണ് റൊണാൾഡോയെ വേണ്ടെന്ന് പറയുക അദ്ദേഹവും മെസിയും നിരവധി യുവതാരങ്ങൾക്ക് വഴികാട്ടിയാണ് എന്നാണ് അദ്ദേഹം റൊണാൾഡോയെ സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകിയത്.
ആദ്യ ഇലവനുകളിൽ നിന്ന് തുടർച്ചയായി യുണൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗ് താരത്തെ ഒഴിവാക്കുന്നതിൽ പ്രതിഷേധിച്ച് റൊണാൾഡോ കളി അവസാനിക്കും മുമ്പ് ബെഞ്ച് വിട്ടിരുന്നു.
ഇതേ തുടർന്ന് ക്ലബ് നടപടികൾ നേരിടേണ്ടി വന്നപ്പോഴാണ് റൊണാൾഡോ ടെൻ ഹാഗുമായും ഉടമകളായ ഗ്ലേസ്‌യേഴ്സ് കുടുംബവുമായും പ്രശ്നത്തിലായത്.
അതിന് ശേഷം പിയേഴ്സ് മോർഗനുമായി ക്ലബ്ബിനെതിരെ പരസ്യമായി രംഗത്തെത്തിയതോടെ റൊണാൾഡോയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ പരസ്പരധാരണയോടെ പിരിയുകയായിരുന്നു.
നിലവിൽ ലോകകപ്പിൽ പോർച്ചുഗലിനായി മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചാൽ അത് പുതിയ ക്ലബ്ബിലേക്കുള്ള താരത്തിന്റെ പ്രവേശനം എളുപ്പമാക്കിയേക്കും.