കണ്ണുകളെല്ലാം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്‍; കാരണം ലോകകപ്പിലെ ആ റെക്കോര്‍ഡ്

0
169

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഫേവറേറ്റുകളിലൊന്നായ പോര്‍ച്ചുഗല്‍ ഇന്നിറങ്ങുമ്പോള്‍ കണ്ണുകളെല്ലാം സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലാണ്. മുത്തിയേഴ് വയസ് എന്ന പ്രായം സിആര്‍7ന് തിരിച്ചടിയാകുമോ എന്ന ആശങ്കകള്‍ക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നുള്ള പടിയിറക്കത്തിനും പിന്നാലെയാണ് റോണോ ഖത്തറില്‍ ഇന്ന് പന്ത് തട്ടുക. ആഫ്രിക്കന്‍ കരുത്തരായ ഘാനയാണ് പോര്‍ച്ചുഗലിന്‍റെ എതിരാളികള്‍. ഇന്നും സിആര്‍7 വല കുലുക്കുമെന്ന് പ്രതീക്ഷിക്കാന്‍ ആരാധകര്‍ക്ക് കാരണമുണ്ട്.

കളിച്ച എല്ലാ ലോകകപ്പിലും ഗോൾ നേടിയിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 2006ലെ ലോകകപ്പിൽ 6 മത്സരങ്ങൾ കളിച്ച റോണോ ഒരു ഗോള്‍ നേടി. 2010ലും 2014ലും ഓരോ ഗോളുകൾ ക്രിസ്റ്റ്യാനോ സ്കോർ ചെയ്തു. 2018ലെ ലോകകപ്പിൽ 4 മത്സരങ്ങൾ കളിച്ച റോണോ 4 ഗോളുകൾ പോർച്ചുഗലിനായി നേടി. ഇങ്ങനെ നാല് ലോകകപ്പുകളിലായി 17 മത്സരങ്ങളിൽ നിന്ന് 7 ഗോൾ എന്നതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പിലെ ഗോൾവേട്ടയുടെ കണക്ക്. കരിയറിലെ അഞ്ചാം ലോകകപ്പിനാണ് ക്രിസ്റ്റ്യാനോ ഖത്തറില്‍ ബൂട്ടണിയാനൊരുങ്ങുന്നത്.

2006നുശേഷം ഫിഫ ലോകകപ്പിന്‍റെ ക്വാര്‍ട്ടറിലെത്തിയിട്ടില്ലാത്ത പോര്‍ച്ചുഗലിന്‍റെ പ്രതീക്ഷകള്‍ ഇത്തവണയും റോണോയുടെ ബൂട്ടുകളിലാണ്. ഡിയാഗോ ജോട്ടയെ പരിക്കുമൂലം നഷ്ടമായ പോര്‍ച്ചുഗലിനായി എതിരാളികളുടെ വലയില്‍ ഗോളടിച്ച് കേറ്റാനുള്ള ഉത്തരവാദിത്തം റൊണാള്‍ഡോയിലും ബ്രൂണോ ഫെര്‍ണാണ്ടസിലുമാണ്. അതിന് അവരെ സഹായിക്കാന്‍ ജോവോ കാന്‍സെലോയും ബെര്‍ണാഡോ സില്‍വയുമുണ്ടാകും. മറുവശത്ത് ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ കാമറൂണിനോട് തോറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ഘാന പോര്‍ച്ചുഗലിന് വലിയ വെല്ലുവിളിയാവുന്നില്ലെന്നാണ് വിലയിരുത്തല്‍. ഈമാസം 28ന് യുറുഗ്വോയും ഡിസംബര്‍ രണ്ടിന് ദക്ഷിണ കൊറിയയുമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗലിന്‍റെ മറ്റ് എതിരാളികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here