ദില്ലി : പൊതുജനാരോഗ്യത്തിന് കനത്ത ഭീഷണിയായി രാജ്യത്ത് വീണ്ടും അഞ്ചാംപനി പടരുന്നു. മുംബൈയിൽ ഒരു മാസത്തിനിടെ 13 പേരാണ് രോഗം ബാധിച്ചു മരിച്ചത്. കൊവിഡ് കാലത്ത് വാക്സിനേഷൻ മുടങ്ങിയതാണ് രോഗം തിരിച്ചുവരാൻ കാരണമായതെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.
തീവ്രവ്യാപന ശേഷിയുള്ള മീസിൽസ് വൈറസാണ് അഞ്ചാംപനിക്ക് കാരണമാകുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന രോഗം കൂടുതലും കുട്ടികളിലാണ് കണ്ടു വരുന്നത്. മുംബൈ, റാഞ്ചി, അഹമ്മദാബാദ് എന്നിവിടങ്ങള്‍ക്ക് പുറമെ കേരളത്തിലെ മലപ്പുറത്തും രോഗവ്യാപനം കുത്തനെ കൂടിയ സാഹചര്യമാണ്. മുംബൈയിൽ മാത്രം ഒരു മാസത്തിനിടെ 13 പേരാണ് മരണത്തിന് കീഴടങ്ങിയത്.
നിലവിൽ ഒമ്പതാം മാസത്തിൽ ഒന്നാം ഡോസ് വാക്സിനും, പതിനെട്ട് മാസത്തിനുള്ളിൽ രണ്ടാമത്തെ ഡോസുമാണ് നൽകുന്നത്. രോഗവ്യാപനം കൂടിയ ഇടങ്ങളിൽ ഒമ്പത് മാസത്തിനും അഞ്ച് വയസിനും ഇടയിലുള്ള കുട്ടികൾക്ക് മൂന്നാമതൊരു അധിക ഡോസ് വാക്സിൻ കൂടി നൽകാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.
കേരളമടക്കം മൂന്നു സംസ്ഥാനങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സംഘവും ചേരും. കൊവിഡ് കാലത്ത് മീസിൽസ് വാക്സിനേഷൻ മുടങ്ങിയതാണ് രോഗവ്യാപനം കുത്തനെ കൂടാനുള്ള പ്രധാന കാരണമായി ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നത്. കൊവിഡിന് മുൻപുള്ള വാക്സിനേഷൻ നിരക്കിലും ഇന്ത്യയിലും വലിയ ഇടിവ് സംഭവിച്ചുവെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അഞ്ചാംപനി ലക്ഷണങ്ങൾ
മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന വളരെ സാംക്രമിക രോഗമാണ് അഞ്ചാംപനി. രോഗബാധിതനായ ഒരു വ്യക്തിയുമായി സമ്പർക്കം പുലർത്തിയതിന് ശേഷം 10-12 ദിവസങ്ങൾക്കുള്ളിൽ സാധാരണയായി ലക്ഷണങ്ങൾ വികസിക്കുകയും 7-10 ദിവസം നീണ്ടുനിൽക്കുകയും ചെയ്യും.
ലക്ഷണങ്ങൾ എന്തൊക്കെ…?
പനിയാണ് ആദ്യത്തെ പ്രധാനപ്പെട്ട ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും.അതു കഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകിൽ നിന്നു തുടങ്ങി മുഖത്തേക്ക് പടർന്നു ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകൾ കാണപ്പെടും. അപ്പോഴേക്കും പനി പൂർണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന എന്നിവയും ഉണ്ടാകാം.
അസുഖമുള്ള ഒരാളുടെ കണ്ണിൽ നിന്നുള്ള സ്രവത്തിൽ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങൾ വഴിയോ രോഗപ്പകർച്ചയുണ്ടാകാം. ഒരു രോഗിയുടെ സ്രവങ്ങളുമായി സമ്പർക്കമുണ്ടായ 90 ശതമാനം ആൾക്കാർക്കും അഞ്ചാം പനി പിടിപെടാം.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം.
രോഗിയുമായുള്ള സമ്പർക്കം കഴിവതും ഒഴിവാക്കുക.
കുട്ടികളിൽ രോഗം പെട്ടെന്ന് സങ്കീർണതകളിലേക്ക് പോകാൻ സാധ്യതയുണ്ട്.
തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാലയോ മറ്റ് ഉപാധികളോ ഉപയോഗിച്ച് മൂക്കും വായും മറച്ചു പിടിക്കുക.
രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുക.