സാമ്പത്തിക പ്രതിസന്ധിക്കും ചെലവ് ചുരുക്കലിനുമിടെ സിപിഎം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ ബുളളറ്റ് പ്രൂഫ് കാർ വാങ്ങാൻ അനുമതി നൽകി സർക്കാർ. ഈ മാസം 17 നാണ് വ്യവസായവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പി ജയരാജന്റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ് കാർ വാങ്ങാൻ മന്ത്രിസഭായോഗം അനുമതി നൽകിയത്.
സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങൾ വാങ്ങുന്നത് വിലക്ക് ഏർപ്പെടുത്തി ചീഫ് സെക്രട്ടറി നവംബർ നാലിന് ഉത്തരവിറക്കിയിരുന്നു. പുതിയ വാഹനങ്ങൾ വാങ്ങരുത് എന്നതുൾപ്പെടെ നവംബർ ഒന്‍പതിന് ധനവകുപ്പ് ഒരു വർഷത്തേക്ക് കൂടി സാമ്പത്തിക നിയന്ത്രണങ്ങൾ നീട്ടി ഉത്തരവിറക്കിയിരുന്നു. ഇതെല്ലാം കാറ്റിൽ പറത്തിയാണ് പി. ജയരാജന് 35 ലക്ഷം രൂപയുടെ ഔദ്യോഗിക വാഹനം വാങ്ങാൻ സർക്കാർ അനുമതി നൽകിയത്.
പി ജയരാജന്റെ ശാരീരിക അവസ്ഥയും സുരക്ഷാ ആവശ്യകതയും കണക്കിലെടുത്ത് പ്രത്യേക പരിഗണന നല്‍കിയാണ് അനുമതിയെന്ന് ഉത്തരവില്‍ പറയുന്നു. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിനറെ ട്രേഡിംഗ് അക്കൗണ്ടില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് ഇലക്ട്രിക് വാഹനം വാടകയ്ക്ക് എടുക്കുന്ന നയത്തിന് വിരുദ്ധമായാണ് വാങ്ങുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്.
പുതിയ വാഹനങ്ങൾ വാങ്ങരുതെന്ന് ഉത്തരവിറക്കിയ നവംബർ നാലിന് ശേഷം സർക്കാർ വാങ്ങിയ വാഹനങ്ങളും ചെലവും ;
- മന്ത്രി റോഷി അഗസ്റ്റിൻ – 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ )
- മന്ത്രി വി എൻ വാസവൻ – 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ )
- മന്ത്രി വി അബ്ദുറഹിമാൻ – 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ )
- മന്ത്രി ജി ആർ അനിൽ – 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ )
- ചീഫ് വിപ്പ് ഡോ. എൻ ജയരാജ് – 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ )
- പി ജയരാജൻ – 35 ലക്ഷം ( ബുള്ളറ്റ് പ്രൂഫ് കാർ )