നീലേശ്വരത്ത് എതിരാളികളുടെ വായടപ്പിച്ച് ‘സുല്‍ത്താന്‍’ ഇറങ്ങി; നെയ്‌മറുടെ പടുകൂറ്റന്‍ കട്ടൗട്ട് തരംഗം

0
197

നീലേശ്വരം: ഫിഫ ലോകകപ്പ് എത്തിയാല്‍ കേരളം കാറ്റ് നിറച്ചൊരു തുകല്‍പന്ത് പോലെയാണ്. തെക്ക് മുതല്‍ വടക്ക് വരെ ഫുട്ബോള്‍ ആരവം വായുവില്‍ ജീവശ്വാസമായി മാറും. ഇക്കുറി കേരളത്തിലെ ഖത്തര്‍ ലോകകപ്പ് ആവേശം ഫിഫ പോലും അഭിനന്ദിച്ചുകഴിഞ്ഞു. മലപ്പുറത്തും കോഴിക്കോടും തൃശൂരുമെല്ലാം ആഞ്ഞടിച്ച ഫിഫ കൊടുങ്കാറ്റ് കേരളത്തിന്‍റെ വടക്കേ അറ്റത്ത് കാസര്‍കോട് ജില്ലയിലും അലയൊലിതീര്‍ത്തുകയാണ്. കാസര്‍കോട് നീലേശ്വരത്തെ കരുവാച്ചേരിയില്‍ ബ്രസീലിന്‍റെ സുല്‍ത്താന്‍ നെയ്‌മറുടെ 50 അടി ഉയരമുള്ള കൂറ്റന്‍ കട്ടൗട്ട് ഉയര്‍ന്നു.

പുള്ളാവൂരിലെ മെസി-നെയ്‌മര്‍-സിആ‍ര്‍7 കട്ടൗട്ട് പോരിന്‍റെ തുടര്‍ച്ചയായി നീലേശ്വരത്തുയര്‍ന്ന നെയ്‌മറുടെ തലയെടുപ്പുള്ള കട്ടൗട്ട് ശ്രദ്ധേയമാവുകയാണ്. ഗോളടിച്ച ശേഷം എതിരാളികളോട് നിശബ്ദമാകാന്‍ ആംഗ്യം കാട്ടുന്ന സുല്‍ത്താനാണ് കട്ടൗട്ടില്‍. കാസര്‍കോട് ജില്ലയിലെ ഏറ്റവും തലപ്പൊക്കം കൂടിയ ഫുട്ബോള്‍ കട്ടൗട്ടാണ് ഇതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. ആകെ 47000 രൂപ ചിലവായി. കരുവാച്ചേരിയിലെ ബ്രസീല്‍ ആരാധകരാണ് കട്ടൗട്ടിന് പിന്നില്‍. കാനറിപ്പട കട്ടൗട്ട് ഉയര്‍ത്തിയാല്‍ കരുവാച്ചേരിയിലെ അര്‍ജന്‍റീന, പോര്‍ച്ചുഗല്‍ ആരാധകര്‍ക്ക് വെറുതെയിരിക്കാനാവില്ലല്ലോ. മെസിപ്പടയുടേയും സിആര്‍7ന്‍റെയും ഫ്ലക്‌സുകള്‍ ഇതിന് മറുപടിയായി കരുവാച്ചേരിയില്‍ ഇന്ന് ഉയരും.

കരുവാച്ചേരിയില്‍ മഞ്ഞപ്പടയുടെ ആരാധകര്‍ താളമേളങ്ങളോടെയാണ് നെയ്‌മറുടെ കട്ടൗട്ട് സ്ഥാപിക്കാനെത്തിയത്. ഉയരവും ഭാരവും പരിഗണിച്ച് ക്രെയിന്‍ തന്നെ വേണ്ടിവന്നു ഇത് സ്ഥാപിക്കാന്‍. സിറാജ്, ഹാരിസ്, സവാദ്, കിഷോര്‍, ഷുഹൈബ്, സിനാന്‍ തുടങ്ങിയവരാണ് കട്ടൗട്ടിന്‍റെ പ്രധാന സംഘാടകര്‍. പണമടക്കമുള്ള സഹായങ്ങളൊരുക്കി കരുവാച്ചേരിയിലെ പ്രവാസികള്‍ കൂടെ നിന്നതോടെ നെയ്‌മറുടെ തലപ്പൊക്കം കൂടുകയായിരുന്നു. ലോകകപ്പ് ആവുമ്പോള്‍ സുല്‍ത്താന്‍റെ കട്ടൗട്ട് ഇല്ലെങ്കില്‍ കാനറിപ്പടയ്ക്ക് പിന്നെന്ത് ആഘോഷം എന്ന് കരുവാച്ചേരിയിലെ ബ്രസീല്‍ ആരാധകര്‍ ചോദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here