നോയിഡ: ( യുപി) ഫ്ലാറ്റ് സമുച്ചയത്തിലെ ലിഫ്റ്റിനുള്ളിൽ ആറു വയസുകാരന് നയയുടെ കടിയേറ്റ സംഭവത്തിൽ ഉടമയ്ക്ക് 10000 രൂപ പിഴ ചുമത്തി. ഗ്രേറ്റർ നോയിഡ അതോറിറ്റിയാണ് നായയുടെ ഉടമയ്ക്ക് പിഴ ചുമത്തിയത്. കൂടാതെ കുട്ടിയുടെ മുഴുവൻ ചികിത്സാ ചെലവും നൽകാനും അധികൃതർ നിർദേശം നൽകി. ഗ്രേറ്റർ നോയിഡ വെസ്റ്റിലെ ടെക്‌സോൺ 4-ലെ ലാ റെസിഡൻഷ്യ സൊസൈറ്റി ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരാണ് കുട്ടിയും അമ്മയും.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ലിഫ്റ്റിനുള്ളിൽ വച്ച് ആറ് വയസ്സുകാരനെ നായ കടിച്ചിരുന്നു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സി സി ടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.ഇത് വ്യാപകമായി പ്രചരിച്ചിരുന്നു. വ്യാപക വിമർശനം ഉയർന്നതോടെയാണ് വീഡിയോ കൂടി പരിശോധിച്ച് അധികൃതരുടെ നടപടി.
സ്കൂളിൽ നിന്ന് മടങ്ങിവന്ന കുട്ടിയെ കൂട്ടിക്കൊണ്ടുവരികയായിരുന്നു അമ്മ. ഒന്നാം നിലയിൽ നിന്ന് 15-ാം നിലയിലേക്ക് ലിഫ്റ്റിൽ കയറി. പിന്നാലെ ഈ നായയും ഉടമയും ലിഫ്റ്റിലേക്ക് കയറി. ഉടനെ തന്നെ നായ കുട്ടിയെ ആക്രമിച്ചു. പേടിച്ച് അമ്മയുടെ പിന്നിലേക്ക് മാറിയ കുട്ടിയെ നായ വീണ്ടും ആക്രമിച്ചതായും അമ്മ പറഞ്ഞു. നായ അക്രമിക്കില്ലെന്ന ഉറപ്പിലാണ് ലിഫ്റ്റിൽ കയറാൻ പറഞ്ഞതെന്നും പെട്ടെന്ന് ആക്രമിച്ചെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
Another video of dog bite inside lift in a greater noida society La Residentia pic.twitter.com/stS0HVXJIJ
— Atulkrishan (@iAtulKrishan) November 16, 2022
കടിയേറ്റ ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പ്രതിരോധ കുത്തിവയ്പ്പെടുക്കുകയും ചെയ്തിരുന്നു. നായയുടെ ഉടമയുടമായി അടുത്ത ബന്ധം ഉള്ളതിനാൽ പൊലീസിൽ പരാതി നൽകിയിരുന്നില്ല. എന്നാൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് ഗ്രേറ്റർ നോയിഡ സൊസൈറ്റി അധികൃതർ നടപടിയുമായി രംഗത്തുവന്നത്. ഫ്ലാറ്റ് സമുച്ചയത്തിൽ നായയെ വളർത്തുന്നതിന് കർശന നിയമങ്ങളുണ്ടെങ്കിലും പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്ന് ഫ്ലാറ്റ് ഉടമകളുടെ അസോസിയേഷൻ പ്രതികരിച്ചു.