നോട്ട് നിരോധിച്ചതിന്റെ കാരണം 1000, 500 രൂപ നോട്ടുകളുടെ വ്യാപനം; കേന്ദ്രം സുപ്രീംകോടതിയില്‍

0
160

ന്യൂഡല്‍ഹി: ആയിരം, അഞ്ഞൂറ് രൂപ നോട്ടുകളുടെ വലിയ തോതിലുള്ള വ്യാപനമാണ് നോട്ടു നിരോധിക്കാന്‍ കാരണമായതെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. നോട്ടുനിരോധനം ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ക്കുള്ള മറുപടിയായി കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യുകയായിരുന്നു. ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈ മാസം 24-ന് കേസ് പരിഗണിക്കും.

കള്ളനോട്ട്, കള്ളപ്പണം, ഭീകരര്‍ക്ക് സഹായധനം, നികുതിവെട്ടിപ്പ് തുടങ്ങിയവ തടയാന്‍ ലക്ഷ്യമിട്ടുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായിരുന്നു നടപടി. റിസര്‍വ് ബാങ്കുമായി വിപുലമായ കൂടിയാലോചനകള്‍ നടത്തിയും മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ നടത്തിയുമാണ് പദ്ധതി നടപ്പാക്കിയത്- സര്‍ക്കാര്‍ വ്യക്തമാക്കി. റിസര്‍വ് ബാങ്കിന്റെ പ്രത്യേക ശുപാര്‍ശപ്രകാരമാണ് നോട്ട് നിരോധനം നടപ്പാക്കിയത്. പദ്ധതി നടത്തിപ്പിന് കരടു പദ്ധതിയും റിസര്‍വ് ബാങ്ക് സമര്‍പ്പിച്ചിരുന്നു. വിശാലമായ പദ്ധതിയുടെ ഭാഗമായിരുന്നു അത്. റിസര്‍വ് ബാങ്ക് നിയമപ്രകാരമുള്ള അധികാരം ഉപയോഗിച്ചുള്ള സാമ്പത്തികനയ തീരുമാനമാണ് സര്‍ക്കാരെടുത്തതെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചു.

2011-ലെ സെന്‍സസ് പ്രകാരം 48 കോടി തൊഴിലാളികളാണ് ഇന്ത്യയില്‍ തൊഴിലെടുക്കുന്നവര്‍. ഇതില്‍ 40 കോടിയും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ഔദ്യോഗിക മേഖലയിലും അനൗദ്യോഗിക മേഖലയിലുമുള്ള തൊഴില്‍ രംഗത്തെ ഈ അന്തരം അവസാനിപ്പിക്കാന്‍കൂടി വേണ്ടിയായിരുന്നു നോട്ടു നിരോധനമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടാതെ ഇടപാടുകളെ ഡിജിറ്റലൈസ് ചെയ്യുക എന്നതും നോട്ട് നിരോധനത്തിന്റെ ലക്ഷ്യമായിരുന്നെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here