പരിചയമില്ലാത്ത നമ്പരുകളില്‍ നിന്നും വരുന്ന കോളുകള്‍ എടുക്കാന്‍ പലര്‍ക്കും മടിയാണ്. ഇതിനുള്ള പ്രതിവിധിയായി മിക്കവരും ‘ട്രൂ കോളര്‍’ പോലുള്ള ആപ്പുകള്‍ ഉപയോഗിക്കാറുണ്ട്. പൂര്‍ണമായും സുരക്ഷിതത്വമോ നൂറ് ശതമാനം കൃത്യതയോ ഇല്ലാത്ത ആപ്പുകള്‍ ഉപയോഗിക്കുന്നതും പ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കുന്നു. ഇപ്പോഴിതാ ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവുമായി എത്തുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ( ട്രായ് ).
ട്രായുടെ നീക്കം വിജയകരമായി നടപ്പാക്കാന്‍ സാധിച്ചാല്‍ നമ്പര്‍ സേവ് ചെയ്തിട്ടില്ലെങ്കില്‍ പോലും ആരാണ് വിളിക്കുന്നതെന്ന് അറിയാന്‍ കഴിയും. അനാവശ്യമായ സ്പാം കോളുകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും നിരവധി പരാതി ഉയര്‍ന്നിട്ടും വാണിജ്യാടിസ്ഥാനത്തില്‍ വരുന്ന സ്പാം കോളുകള്‍ ഫലപ്രദമായി നിയന്ത്രിക്കാന്‍ ട്രായ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
അതേസമയം, ട്രായുടെ നീക്കത്തിനെതിരെ ചെറിയ രീതിയിലുള്ള എതിര്‍പ്പും ഉയരുന്നുണ്ട്. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന വാദമാണ് ഉയരുന്നത്. വിശദമായ കൂടിയാലോചനയ്ക്ക് ശേഷമാകും ട്രായ് മുന്നോട്ടുപോവുക.
വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടിയശേഷം ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന് ട്രായ് ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പാകും അന്തിമതീരുമാനം എടുക്കുക.