തീവണ്ടിയിലും ‘തല്ലുമാല’; മാവേലിയില്‍ ഏറ്റുമുട്ടിയത് മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍

0
195

കണ്ണൂര്‍: സ്‌കൂള്‍ മുറ്റവും നടുറോഡും കടന്ന് വിദ്യാര്‍ഥികളുടെ ‘തല്ലുമാല’ തീവണ്ടിയിലേക്കും. ബുധനാഴ്ച വൈകിട്ട് മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസിലാണ് സംഭവം. മുന്നിലെ ജനറല്‍ കോച്ചില്‍ 25 വിദ്യാര്‍ഥികള്‍ സംഘമായി ഏറ്റുമുട്ടി. മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളാണ് കൂട്ടത്തല്ല് നടത്തിയത്.

.തീവണ്ടി മംഗളൂരു വിട്ട് നേത്രാവതി പാലം കഴിഞ്ഞ ഉടന്‍ തല്ല് തുടങ്ങിയതായി യാത്രക്കാര്‍ പറഞ്ഞു. മഞ്ചേശ്വരംവരെ ഒച്ചയും ബഹളവുമായി ഭയാനക അന്തരീക്ഷമായിരുന്നു. റാഗിങ് വിഷയത്തിലാണ് പ്രശ്‌നം തുടങ്ങിയത്. വാക്കേറ്റം കൈയാങ്കളിയിലെത്തി. വാതിലനടുത്ത് അടി നടന്നപ്പോള്‍ സ്ത്രീയാത്രക്കാര്‍ ഉള്‍പ്പെടെ പേടിച്ചു. യാത്രക്കാര്‍ ഇടപെട്ടു. ഇതിനിടയില്‍ ആര്‍.പി.എഫിനെ ചിലര്‍ അറിയിച്ചു. വണ്ടി കാസര്‍കോട് എത്തിയപ്പോള്‍ ആര്‍.പി.എഫ്. വന്നു. അപ്പോഴേക്കും വിദ്യാര്‍ഥികള്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു.

തല്ലിനിടയില്‍ ചില വിദ്യാര്‍ഥികള്‍ വീഡിയോ എടുത്തു. തീവണ്ടിത്തല്ല് വൈറലാക്കാനായിരുന്നു ശ്രമം. സാധാരണ മെമു വണ്ടിയിലായാണ് വിദ്യാര്‍ഥികള്‍ വൈകീട്ട് മംഗളൂരുവില്‍നിന്ന് മടങ്ങുക. ക്യാമറ ഉള്ളതിനാല്‍ മെമുയാത്ര മാവേലിയിലേക്ക് മാറ്റുകയായിരുന്നു. മുന്‍പ് മാന്നാറില്‍ നടുറോഡില്‍ റോഡ് ബ്ലോക്ക് ചെയ്ത് വിദ്യാര്‍ഥികള്‍ തമ്മിലടിച്ചത് വൈറലായിരുന്നു. വാഴക്കാട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയപ്പോള്‍ തടയാന്‍ ചെന്ന അധ്യാപകരെയും അവര്‍ മര്‍ദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here