“നമ്മുടെ പ്രചോദനം നാം തന്നെയാകണം.. മറ്റുള്ളവർക്ക് താങ്ങാകണം”: യുവ ഡോക്‌ടർമാർക്ക് ഊർജമായി പാത്തുവിന്റെ വാക്കുകൾ

0
221

നോളജ് സിറ്റി: വേദനയുടെയും പൊരുതലിന്റെയും ഇരുപത്തി നാലു വർഷത്തെ സഹനത്തിന് ശേഷം മെഡിക്കൽ ബോർഡിനെ വരെ അമ്പരപ്പിച്ച് മെഡിക്കൽ പഠനം പൂർത്തിയാക്കി ഡോക്‌ടർ പട്ടം നേടിയ ഡോ. ഫാത്തിമ അസ്‌ല യുവ ഡോക്‌ടർമാർക്ക് ഊർജം പകരാനെത്തി. മർകസ് നോളജ് സിറ്റിയിലെ മർകസ് യൂനാനി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്കാണ് ഡോ. ഫാത്തിമ അസ്‌ലയുടെ കഠിനമായ ജീവിത കഥകൾ ഊർജമായത്.

കേരളത്തിലെ ആദ്യ യൂനാനി മെഡിക്കൽ കോളേജായ, മർകസ് നോളജ് സിറ്റിയിൽ സ്ഥിതിചെയ്യുന്ന മർകസ് യൂനാനി മെഡിക്കൽ കോളേജിലെ 2022 -23 കാലയളവിലെ സ്റ്റുഡന്റസ് യൂണിയൻ ഉദ്‌ഘാടന ചടങ്ങിലേക്കാണ് മുഖ്യാതിഥിയായി, ഭാവി ഡോക്‌ടർമാർക്ക് ഊർജം പകരാൻ അസ്‌ല എത്തിയത്. ‘ഡോക്‌ടർമാർക്കാണ് ആളുകളുടെ വേദനകൾ ഏറ്റവും കൂടുതൽ അറിയാനാവുക. അതിനാലാണ് ഡോക്‌ടർ ആവുക എന്നത് എന്റെ ചെറുപ്പം മുതലുള്ള അഭിലാഷമായത്. ആളുകളുടെ വേദനകൾ മനസ്സിലാക്കണം, അവർക്ക് താങ്ങാകണം. കൂടുതൽ യാത്രകൾ ചെയ്യണം, അതിലൂടെ നാം നാമറിയാതെ തന്നെ നല്ല മനുഷ്യരാകും. നമ്മളിൽ നമുക്ക് നല്ല വിശ്വാസം ഉണ്ടാകണം. നമ്മുടെ പ്രചോദനം നമ്മൾ തന്നെയാകണം. നമ്മുടെ ചുറ്റുമുള്ളവർക്ക് നാം സന്തോഷം പകരണം, കൂടെ നമ്മളും സന്തോഷിക്കണം. അസ്‌ല യുവ ഡോക്ടർമാരോട് പറഞ്ഞു. ഒന്നിനും സാധ്യമല്ലെന്ന് എല്ലാവരും പറഞ്ഞപ്പോഴും എന്റെ പഠിക്കാനുള്ള ആഗ്രഹത്തിന് മാതാപിതാക്കളും എ പി ഉസ്താദും മർകസുമാണ് കൂടെ നിന്നത്. ആ കടപ്പാടുകൾ ഒരിക്കലും മറക്കാൻ ആകില്ല. അസ്‌ല വിതുമ്പലോടെ കൂട്ടി ചേർത്തു.

കോഴിക്കോട് പൂനൂർ വട്ടിക്കുന്നുമ്മൽ അബുൽ നാസർ- അമീന ദമ്പതികളുടെ മകളാണ് അസ്‌ല. അസ്‌ലക്ക് മൂന്നു ദിവസം പ്രായമുള്ളപ്പോഴാണ് ഓസ്റ്റിയയോജെനിസിസ് ഇംപെർഫെക്റ്റ് എന്ന എല്ലു പൊടിയൽ രോഗം കണ്ടെത്തുന്നത്. പിന്നീട് പതിറ്റാണ്ടുകൾ വേദനയുടെ കാലമായിരുന്നു. ഒന്നിനും കൊള്ളില്ല എന്ന കുത്തുവാക്കുകൾ കേൾക്കുന്നുണ്ടായിരുന്നു. എന്നാൽ എല്ലായിപ്പോഴും അസ്‌ല കൂടുതൽ വാശിയോടെ സ്വപ്നങ്ങൾക്ക് പിറകെ സഞ്ചരിച്ചു. അസ്‌ലയെ പോലെയുള്ള ഒരാൾക്ക് സാധ്യമല്ലെന്ന് മെഡിക്കൽ ബോർഡ് കരുതിയിരുന്നതെല്ലാം, അസ്‌ലയുടെ മനക്കരുത്തിൽ സാധ്യമായിക്കൊണ്ടിരുന്നു. ഒടുവിൽ കോട്ടയം എൻ എസ് എസ് ഹോമിയോ മെഡിക്കൽ കോളേജിൽ നിന്ന് മെഡിക്കൽ പഠനവും പൂർത്തിയാക്കി. ഇപ്പോൾ ബിരുദാനന്തര ബിരുദ പഠനത്തിനായുള്ള ഒരുക്കത്തിലാണ്. അസ്‌ലയുടെ ഓരോ വാക്കുകളും യൂനാനി വിദ്യാർത്ഥികൾക്ക് ഏറെ ഊർജ്ജം പകർന്നു.

മർകസ് യൂനാനി മെഡിക്കൽ കോളേജിലെ 2022 -23 കാലയളവിലെ സ്റ്റുഡന്റസ് യൂണിയൻ കമ്മറ്റിയിൽ ചെയർമാനായി മുഫസ്സിർ അഹ്‌മദിനെയും ജനറൽ സെക്രട്ടറിയായി മുഹമ്മദ് ഇർഷാദിനെയും തിരഞ്ഞെടുത്തു. മറ്റു അംഗങ്ങൾ: മുഹമ്മദ് ഷഹബാസ് (യു യു സി), ഫാത്തിമ റെജിയ കെ (വൈസ് ചെയർപേഴ്സൺ), സഹ്ല ബഷീർ (വൈസ് ചെയർപേഴ്സൺ), റഫ ഫൈസൽ ഒ (ജോയിന്റ് സെക്രട്ടറി), സെയ്ദ് അസ്റാർ അഹമ്മദ് (സ്പോർട്സ് സെക്രട്ടറി), ഫാത്തിമ ഇർഫാന (ആർട്ട് സെക്രട്ടറി), ഹന ബിൻസി (മാഗസിൻ എഡിറ്റർ). യൂണിയൻ ഉദ്ഘാടന ചടങ്ങിൽ കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ സ്ഥാപകൻ ഹകിം കെ ടി അജ്മൽ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here