പാകിസ്ഥാനിലെ തികച്ചും വ്യത്യസ്തരായ ദമ്പതികളുടെ അഭിമുഖം എടുക്കുന്നയാളാണ് യൂട്യൂബറായ സെയ്ദ് ബാസിത്ത് അലി. മിക്കവാറും ബാസിത്ത് അലിയുടെ അഭിമുഖങ്ങൾ വലിയ പ്രായവ്യത്യാസം ഉള്ള ദമ്പതികളുമായിട്ടായിരുന്നു. അതുപോലെ വിവിധ ജോലി ചെയ്യുന്നവർ, സമൂഹം ഒരിക്കലും ഒരുമിച്ച് ജീവിക്കും എന്ന് പ്രതീക്ഷിക്കാത്തവർ ഒക്കെയായി ബാസിത്ത് അലി അഭിമുഖം നടത്താറുണ്ട്.
അടുത്തിടെ അതുപോലെ ഒരു ദമ്പതികളെ ബാസിത്ത് അലി സന്ദർശിക്കുകയുണ്ടായി. അതിൽ ഭാര്യയുടെ പ്രായം 19 -ഉം ഭർത്താവിന്റെ പ്രായം 70 -ഉം ആണ്. രാവിലെയുള്ള നടത്തത്തിനിടെയാണ് അവർ ഇരുവരും പരസ്പരം കണ്ടുമുട്ടിയിരുന്നത്. തന്റെ ഭാര്യ ഷുമൈലയെ താൻ കണ്ടുമുട്ടിയിരുന്നത് ലാഹോറിലെ രാവിലെ നടത്തങ്ങൾക്കിടയിലാണ് എന്ന് 70 -കാരനായ ലിയാഖത്ത് അലി പറയുന്നു. ഒരുദിവസം രാവിലെ ഓടവെ ഷുമൈലയ്ക്ക് പിറകിൽ നിന്നും ലിയാഖത്ത് അലി ഒരു പാട്ട് മൂളി. അതോടെയാണ് ആ പ്രണയം തുടങ്ങുന്നത്.
‘പ്രണയത്തിന് പ്രായമൊന്നുമില്ല, അതങ്ങ് സംഭവിക്കുന്നതാണ്’ എന്നാണ് ഷുമൈല പറയുന്നത്. മാതാപിതാക്കൾ വിവാഹത്തെ എതിർത്തിരുന്നില്ലേ എന്ന ചോദ്യത്തിന് ആദ്യമൊക്കെ എതിർത്തിരുന്നു എന്നും എന്നാൽ തങ്ങൾക്ക് അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിച്ചു എന്നും ഷുമൈല പറയുന്നു. ‘പ്രായവ്യത്യാസം ഒരുപാടുള്ള ദമ്പതികളെ നാട്ടുകാർ വെറുതെ അതുമിതും പറയേണ്ട കാര്യമില്ല. കാരണം, അത് അവരുടെ ജീവിതവും അവരുടെ തീരുമാനവും അല്ലേ. അവർക്കിഷ്ടമുള്ളതുപോലെ അവർക്ക് ജീവിക്കാം’ എന്നും ഷുമൈല പറയുന്നു.
ഭാര്യ ഇപ്പോൾ ഭക്ഷണം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തനിക്കിപ്പോൾ ഹോട്ടലിൽ നിന്നും കഴിക്കേണ്ടി വരുന്നില്ല. അതിൽ താൻ വളരെ സന്തോഷത്തിലാണ് എന്നാണ് ലിയാഖത്ത് അലി പറയുന്നത്. അതുപോലെ ആളുകൾ ചെറുപ്പമാണോ വയസായവരാണോ എന്നതൊന്നും പ്രണയത്തിൽ ഒരു കാര്യമേ അല്ല. നിയമപ്രകാരം വിവാഹം കഴിക്കാൻ അനുവാദമുള്ള ആർക്കും എങ്ങനെയും വിവാഹം കഴിക്കാം എന്നും ലിയാഖത്ത് അലി പറയുന്നു.
വിവാഹബന്ധത്തിൽ മറ്റെന്തിനേക്കാളും പ്രാധാന്യം വ്യക്തിപരമായ അന്തസ്സിനും പരസ്പരം ബഹുമാനത്തിനും ആണ്. മറ്റൊന്നിലും ഒരു കാര്യവുമില്ല എന്ന് ഷുമൈലയും പറയുന്നു. ‘മോശം ബന്ധത്തിൽ വീഴുന്നതിനേക്കാളും നല്ല ബന്ധം തെരഞ്ഞെടുക്കണം. പ്രായവ്യത്യാസത്തിലൊന്നും ഒരു കാര്യവുമില്ല. പകരം, വ്യക്തിപരമായി നല്ല ആളായിരിക്കണം, അതുപോലെ ബഹുമാനം തോന്നിക്കുന്ന ആളായിരിക്കണം’ എന്നും ഷുമൈല പറയുന്നു.