ഫിഞ്ചിനെയും മുഹമ്മദ് നബിയെയും കൈവിട്ടു, യുവ പേസറെ ഒഴിവാക്കി കൊല്‍ക്കത്ത

0
168

കൊല്‍ക്കത്ത:ഐപിഎല്‍ താരലേലത്തിന് മുമ്പ് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനെ കൈവിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ തവണ മെഗാ താരലേത്തില്‍ സ്വന്തമാക്കിയ അലക്സ് ഹെയ്ല്‍സ് പിന്‍മാറിയതോടെയാണ് പകരക്കാരനായി ഫിഞ്ച് കൊല്‍ക്കത്ത ടീമിലെത്തിയത്. ആരോൺ ഫിഞ്ചിന് പുറമെ അഫ്ഗാന്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് നബിയെയും കൊല്‍ക്കത്ത ഒഴിവാക്കി.

ഇന്ത്യന്‍ യുവ പേസറായ ശിവം മാവിയാണ് കൊല്‍ക്കത്ത ഒഴിവാക്കിയ മറ്റൊരു താരം. അണ്ടര്‍ 19 ലോകകപ്പിലെ മികച്ച പ്രകടത്തിന്‍റെ കരുത്തില്‍ കമലേഷ് നാഗര്‍ഗോട്ടിക്ക് ഒപ്പം കൊല്‍ക്കത്ത ടീമിലെത്തിയ ശിവം മാവിക്ക് പരിക്ക് മൂലം ഭരിഭാഗം മത്സരങ്ങളിലും കളിക്കാനായിരുന്നില്ല. കമലേഷ് നാഗര്‍ഗോട്ടിയെ നേരത്തെ കൊല്‍ക്കത്ത ഒഴിവാക്കിയിരുന്നു.

ആരോണ്‍ ഫിഞ്ച്, സാം ബില്ലിംഗ്സ്, മുഹമ്മദ് നബി, ചമിക കരുണരത്നെ, പാറ്റ് കമിന്‍സ്, ശിവം മാവി തുടങ്ങി ആറ് താരങ്ങളാണ് ഈ സീസണില്‍ കൊല്‍ക്കത്ത ഒഴിവാക്കുകയോ വിട്ടുപോകുകയോ ചെയ്തത്. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ലോക്കി ഫെര്‍ഗ്യൂസന്‍, റഹ്മാനുള്ള ഗുര്‍ബാസ്, ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് ഷര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരെയാണ് ലേലത്തിന് മുമ്പ് കൊല്‍ക്കത്ത സ്വന്തമാക്കിയത്.

കൊല്‍ക്കത്തക്കായി 32 മത്സരങ്ങള്‍ കളിച്ച മാവി 30 വിക്കറ്റെടുത്തിട്ടുണ്ട്. 2021ലെ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ 11 വിക്കറ്റ് എടുത്തതാണ് മികച്ച പ്രകടനം. എന്നാല്‍ കഴിഞ്ഞ സീസണില്‍ ആറ് മത്സരങ്ങളില്‍ മാത്രം കളിച്ച മാവിയുടെ ഇക്കോണമി 10.32 ആയിരുന്നു.

ആറ് കളിക്കാരെ ഒഴിവാക്കിയതിലൂടെ ലേലത്തിന് മുമ്പ് കൊല്‍ക്കത്തയുടെ പേഴ്സില്‍ 19.5 കോടി രൂപ കൂടി അധികമായി എത്തി. മാവിയെയും ഫിഞ്ചിനെയും 7.25 കോടി രൂപ വീതം നല്‍കിയാണ് കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയത്. ബില്ലിംഗ്സിന് 2 കോടിയും നബിക്ക് ഒരു കോടിയും ചമിക കരുണരത്നെക്ക് 50 ലക്ഷവുമാണ് കഴിഞ്ഞ ലേലത്തില്‍ കൊല്‍ക്കത്ത മുടക്കിയത്. എന്നാല്‍ ലോക്കി ഫെര്‍ഗ്യൂസനെയും ഷര്‍ദ്ദുല്‍ ഠാക്കൂറിനെയും എത്ര തുകക്കാണ് സ്വന്തമാക്കിയതെന്ന് വ്യക്തമാക്കാത്തതിനാല്‍ പേഴ്സിലുള്ള തുക കുറയാനിടയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here