ഒടുവിൽ ധോണിയെ വിളിക്കുന്നു; ടി20 ടീമിനെ ഉടച്ചുവാർക്കാൻ ബി.സി.സി.ഐ-റിപ്പോർട്ട്

0
180

ന്യൂഡൽഹി: ടി20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിനു പിന്നാലെ സുപ്രധാന ഇടപെടലുമായി ബി.സി.സി.ഐ. ഇന്ത്യയുടെ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണിയെ ടീമിന്റെ നിർണായക സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാൻ നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്. ടി20 ടീമിനെ ഉടച്ചുവാർക്കാനുള്ള ദൗത്യവുമായായിരിക്കും ധോണി എത്തുകയെന്നാണ് അറിയുന്നത്.

ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി ടെലഗ്രാഫ്’ ആണ് പുതിയ നീക്കം റിപ്പോർട്ട് ചെയ്തത്. ദേശീയ ടി20 ടീമിന്റെ ഡയരക്ടർ ഓഫ് ക്രിക്കറ്റ് എന്ന സ്ഥാനത്തേക്കാണ് ധോണിയെ പരിഗണിക്കുന്നത്. സ്ഥിരം പദവിയായിരിക്കും ഇതെന്നാണ് അറിയുന്നത്. അടുത്ത സീസണോടെ ധോണി ഐ.പി.എല്ലിൽനിന്നും വിരമിക്കുമെന്ന് സൂചനയുണ്ട്.

ടി20 സ്‌പെഷലിസ്റ്റുകളെ വളർത്തിയെടുക്കുകയാണ് ബി.സി.സി.ഐ ലക്ഷ്യമിടുന്നത്. ഇതിനായി ഒരുകൂട്ടം താരങ്ങളെ പ്രത്യേകമായി പരിശീലിപ്പിക്കാൻ ധോണിയെ ഏൽപിക്കും. ഈ മാസം അവസാനത്തിൽ പ്രതീക്ഷിക്കപ്പെടുന്ന ബി.സി.സി.ഐ ഉന്നതതല യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും.

ഇതിനുമുൻപും ബി.സി.സി.ഐ ധോണിയെ ദേശീയ ടീമിന്റെ പ്രത്യേക ദൗത്യം ഏൽപിച്ചിരുന്നു. കഴിഞ്ഞ വർഷം യു.എ.ഇയിൽ നടന്ന ടി20 ലോകകപ്പിലായിരുന്നു ധോണിയെ ഇന്ത്യൻ സംഘത്തോടൊപ്പം കൂട്ടിയിരുന്നത്. ടീമിന്റെ മെന്ററായിട്ടായിരുന്നു താരം അന്ന് സേവനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here