‘അല്ലാഹുവിനെ മാത്രം ഭയന്നാല്‍ മതി’; പറഞ്ഞത് മുസ്ലിം മതവിശ്വാസികളോട് മാത്രം; വര്‍ഗീയവാദികള്‍ വളച്ചൊടിച്ചുവെന്ന് എഎം ആരിഎഫ് എംപി

0
205

‘അല്ലാഹുവിനെ മാത്രം ഭയന്നാല്‍ മതിയെന്ന’ മുജാഹിദ് സംസ്ഥാന സമ്മേളനത്തിനുള്ള ആശംസ വളച്ചൊടിച്ചതാണെന്ന് സിപിഎം എംപി എഎം ആരിഫ്. ‘നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം’ എന്നതാണ് അവരുടെ ഈ സമ്മേളനസന്ദേശം. അതിലെ നിര്‍ഭയത്വം എന്നത് സന്ദര്‍ഭത്തില്‍ നിന്ന് വളച്ചൊടിച്ച് ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന് ഭയന്ന് അതിന്റെ അര്‍ത്ഥം കൂടി പറയാന്‍ ശ്രമിച്ചതാണ്. കുറഞ്ഞ സമയത്തെ ബൈറ്റ് ആയതിനാല്‍ അത് ആ സമ്മേളനത്തിന്റെ പുറത്തെ ആളുകള്‍ക്ക് ചിലപ്പോള്‍ മനസ്സിലാക്കാന്‍ പ്രയാസമാണ്. സമ്മേളനവുമായി ബന്ധപ്പെട്ടവരെ മാത്രമാണ് അതിലൂടെ അഡ്രസ് ചെയ്യാന്‍ ശ്രമിച്ചതെന്നും ആരിഫ് വിശദീകരിച്ചു.

കേരളത്തിലെ മുസ്ലിംസമൂഹത്തിലെ നവോത്ഥാനനായകരായി ചരിത്രത്തില്‍ രേഖപ്പെടുത്തിയ വ്യക്തികളുടെ പാരമ്പര്യം അവകാശപ്പെടുന്ന സംഘടനയാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം. ഇന്ത്യന്‍ സ്വതന്ത്ര്യസമരത്തിന്റെ പാരമ്പര്യവും അവകാശപ്പെടാവുന്നവരാണ് ഈ വിഭാഗം. മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബും, വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും ഉള്‍പ്പെടെയുള്ള ഒട്ടനവധി ആളുകള്‍ അവരുടെ നേതാക്കള്‍ ആയിരുന്നു. അവരുടെ നിലപാടുകളോട് യോജിക്കാത്തവര്‍ മുസ്ലിം സമൂഹത്തില്‍ ഉണ്ടെങ്കിലും കേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ തനതായ സ്ഥാനം അവരുണ്ടാക്കിയിട്ടുണ്ട്. അന്ധവിശ്വാസത്തിനെതിരേയും, സ്ത്രീധനം പോലുള്ള പ്രതിലോമകരമായ സമ്പ്രദായങ്ങള്‍ക്കുമെതിരെ അവര്‍ നടത്തിയ ഇടപെടല്‍ പ്രശംസനീയമാണ്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഭൗതികവിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞുനിന്ന മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരെ സാമ്പ്രദായികവിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവന്നതുള്‍പ്പെടെ ഒട്ടനവധി കാര്യങ്ങള്‍ അവര്‍ ചെയ്തിട്ടുണ്ട്.

അത്തരം ഒരു സംഘടന അവരുടെ സംസ്ഥാനസമ്മേളനത്തിന് ഒരു ആശംസ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു വീഡിയോ ചെയ്ത് നല്‍കിയിരുന്നു. കേരളത്തിലെ ബഹുമാന്യനായ പ്രതിപക്ഷനേതാവുള്‍പ്പെടെ ഒട്ടനവധി പേര്‍ അതിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

അവരോടുളള സംസാരമാണത്. അവരുടെ ഈ സമ്മേളനത്തിന്റെ സന്ദേശത്തെ പറ്റിയാണ് ആശംസ അറിയിക്കാന്‍ പറഞ്ഞത്.
‘നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം’ എന്നതാണ് അവരുടെ ഈ സമ്മേളനസന്ദേശം. അതിലെ നിര്‍ഭയത്വം എന്നത് സന്ദര്‍ഭത്തില്‍ നിന്ന് വളച്ചൊടിച്ച് ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന് ഭയന്ന് അതിന്റെ അര്‍ത്ഥം കൂടി പറയാന്‍ ശ്രമിച്ചതാണ്. കുറഞ്ഞ സമയത്തെ ബൈറ്റ് ആയതിനാല്‍ അത് ആ സമ്മേളനത്തിന്റെ പുറത്തെ ആളുകള്‍ക്ക് ചിലപ്പോള്‍ മനസ്സിലാക്കാന്‍ പ്രയാസമാണ്.

സമ്മേളനവുമായി ബന്ധപ്പെട്ടവരെ മാത്രമാണ് അതിലൂടെ അഡ്രസ് ചെയ്യാന്‍ ശ്രമിച്ചത്. ഒരു ജനപ്രതിനിധി എന്ന നിലയില്‍ പല മതസംഘടനകളുടെയും പരിപാടികളില്‍ പങ്കെടുക്കുകയോ ആശംസകള്‍ അര്‍പ്പിക്കുകയോ ചെയ്യാറുണ്ട്. അവിടെ കൂടിയിട്ടുള്ള വിശ്വാസികളുമായി അവരുടെ തലത്തില്‍ നിന്ന് സംസാരിക്കുക എന്നതാണ് അവിടെ സ്വീകാര്യമായ രീതി. ഏത് മതസംഹിതകളും പൊതുവായി പങ്കുവെക്കുന്ന മാനവികമൂല്യങ്ങളെക്കുറിച്ച് വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി അവരെ മാനവപക്ഷത്ത് ഉറപ്പിച്ച് നിര്‍ത്തുന്നതിനാണ് ഒരു മതേതരസമൂഹത്തിന്റെ ജനപ്രതിനിധി എന്ന നിലയില്‍ ആ വേദികളില്‍ എന്റെ കടമ എന്നാണ് എന്റെ കാഴ്ച്ചപ്പാട്.

അത്തരമൊരു സംസാരത്തെയാണ് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ചില വര്‍ഗീയവാദികള്‍ അവരുടെ വ്യാഖ്യാനം നല്‍കി പ്രചരിപ്പിക്കുന്നത്. ഇതരമതവിശ്വാസികളോടും മതരഹിതരോടുമുള്ള വിദ്വേഷം സ്വന്തം പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുന്ന സംഘപരിവാര്‍ വര്‍ഗീയവാദികളുടെ ഈ ചെയ്തിയില്‍ അത്ഭുതമില്ല. മുസ്ലിം മതവിശ്വാസികളുടെ വിശ്വാസവുമായി ബന്ധപ്പെടുത്തി അവരോട് പറഞ്ഞ കാര്യങ്ങള്‍ മറ്റുള്ള മതവിശ്വാസികള്‍ക്കും ബാധകമാണ് എന്ന തരത്തിലേക്ക് വ്യാഖ്യാനിക്കാന്‍ ഈ വര്‍ഗീയവാദികള്‍ക്ക് മാത്രമേ സാധിക്കൂ. അവരുടെ ജല്‍പനങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ആരിഫ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here