ഗ്യാന്‍വാപി മസ്ജിദ് കേസ്; ‘ശിവലിംഗം’ കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്ത് സുരക്ഷ തുടരാൻ നിർദ്ദേശം

0
160

ദില്ലി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്തിനുള്ള സുരക്ഷ തുടരാൻ സുപ്രീംകോടതി ഉത്തരവ്. മസ്ജിദിലെ കുളത്തിൽ ശിവലിംഗത്തിന് സമാനമായ വസ്തു കണ്ടെത്തിയെന്ന റിപ്പോർട്ടാണ് അഡ്വക്കേറ്റ് കമ്മീഷണർമാർ കോടതിയിൽ നല്‍കിയത്. സുരക്ഷയ്ക്കുള്ള ഉത്തരവിൻ്റെ കാലാവധി ഇന്ന് തീർന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് ഇക്കാര്യം പരിഗണിച്ചത്. മസ്ജിദിൽ പ്രാർത്ഥനയ്ക്കുള്ള അനുവാദം തുടരും.

വാരാണസി ജില്ലാ മജിസ്ട്രേറ്റിനാവും സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം. വാരാണസി സിവിൽ കോടതിയിൽ പരിഗണനയിലുള്ള എല്ലാ വിഷയങ്ങളും ഒന്നിച്ചാക്കുന്ന കാര്യം ജില്ലാ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. അഭിഭാഷക കമ്മീഷനെ നിയമിച്ചതിനെതിരായ മസ്ജിദ് കമ്മിറ്റിയുടെ അപ്പീൽ തള്ളണമെന്ന അപേക്ഷയിൽ വാദം കേൾക്കുന്നത് കോടതി മാറ്റിവച്ചു. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ മസ്ജിദ് കമ്മിറ്റിക്ക് കോടതി നിർദ്ദേശം നല്‍കി. ഗ്യാൻവാപി മസ്ജിദിൽ പുരാവസ്തു ഗവേഷണ വകുപ്പ് സർവ്വേയ്ക്കായുള്ള വാരാണസി കോടതി ഉത്തരവിനെതിരായ ഹർജി പരിഗണിക്കുന്നത് അലഹബാദ് ഹൈക്കോടതി ഇതിനിടെ ഈ മാസം ഇരുപത്തിയെട്ടിലേക്ക് മാറ്റി.

ഗ്യാൻവാപി മസ്ജിദ് കേസില്‍ കാര്‍ബണ്‍ ഡേറ്റിംഗിനുള്ള അപേക്ഷ വാരണാസി ജില്ലാ കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. ശിവലിംഗത്തിന് സമാനമായ വസ്തുവിന്‍റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ പരിശോധന വേണണെന്ന ആവശ്യമാണ് കോടതി തള്ളിയത്. ഗ്യാൻവാപി മസ്ജിദ് പരിസരത്ത് ആരാധന നടത്താൻ അവകാശം തേടി ഹർജി നൽകിയ ഹിന്ദു സ്ത്രീകളാണ് കാർബൺ ഡേറ്റിംഗ് എന്ന ആവശ്യവും മുന്നോട്ട് വച്ച് ഹർജി നൽകിയത്. സുപ്രീംകോടതിയുടെ മെയ് 16 ലെ ഉത്തരവ് പ്രകാരം ഈ ഭാഗം സീൽ ചെയ്യാനാണ് നിർദ്ദേശം. അതിനാൽ അപേക്ഷ അംഗീകരിക്കാനാകില്ലെന്നാണ് ജില്ലാ ജഡ്ജി എ കെ വിശ്വേശ ഉത്തരവിറക്കിയത്. ഇതിനെതിരെ മറുവിഭാഗം സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here