ബംഗളൂരു: കർണാടകയിലെ ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനിയിൽ ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കാൻ അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീന് (എ.ഐ.എം.ഐ.എം) അനുമതി. ഡിസംബറിൽ ഈ മൈതാനിയിൽ ടിപ്പു ജയന്തി നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയുടെ ധാർവാർഡ് ജില്ല കമ്മിറ്റി മുനിസിപ്പൽ കോർപറേഷന് കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു.
ടിപ്പു ബ്രിട്ടീഷുകാരോട് പട പൊരുതിയ ധീരനായിരുന്നുവെന്നും ആ പോരാളിയെ ഓർത്ത് നമുക്ക് അഭിമാനിക്കാൻ കഴിയണമെന്നും എ.ഐ.എം.ഐ.എം ധാർവാർഡ് ജില്ല കമ്മിറ്റി ജോ. സെക്രട്ടറി വിജയ് എം. ഗുണ്ട്റൽ പറഞ്ഞു. മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താന്‍റെ ജന്മദിനമാണ് ടിപ്പു ജയന്തിയായി ആഘോഷിക്കുന്നത്.
2015ൽ സംസ്ഥാന സർക്കാറിന് കീഴിൽ സംസ്ഥാനത്ത് വിപുലമായി ടിപ്പു ജയന്തി ആഘോഷിച്ചിരുന്നു. എന്നാൽ, ബി.ജെ.പി അധികാരത്തിൽ എത്തിയതിന് പിറകെ 2019ൽ ടിപ്പു ജയന്തി ആഘോഷം സർക്കാർ നിർത്തുകയായിരുന്നു.
ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്തിൽ ഗണേശ ചതുർഥി ആഘോഷിക്കാൻ കഴിഞ്ഞ ആഗസ്റ്റിൽ ഹിന്ദുത്വ സംഘടനകൾക്ക് ഹുബ്ബള്ളി മേയർ അനുമതി നൽകിയിരുന്നു. ഈ അനുമതി റദ്ദാക്കാൻ കർണാടക ഹൈകോടതി വിസമ്മതിക്കുകയും ചെയ്തിരുന്നു.