വാഷിങ്ടണ്‍: അമേരിക്കയില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി 23കാരിയായ ഇന്ത്യന്‍ – അമേരിക്കന്‍ മുസ്ലിം വനിത നബീല സെയ്ദ്. ഇല്ലിനോയി ജനറല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് നബീല. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്നു നബീല.
തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ളാദം പങ്കുവെച്ച് നബീല ട്വീറ്റ് ചെയ്തതിങ്ങനെ- “എന്‍റെ പേര് നബീല സെയ്ദ്. ഞാന്‍ 23 വയസുള്ള മുസ്‍ലിമാണ്, ഇന്ത്യന്‍ – അമേരിക്കന്‍ വനിതയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള ജില്ലയില്‍ ഞങ്ങള്‍ അട്ടിമറി വിജയം നേടി. ജനുവരിയില്‍ ഇല്ലിനോയി ജനറൽ അസംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ഞാനായിരിക്കും”.
റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ക്രിസ് ബോസിനെയാണ് നബീല തോല്‍പ്പിച്ചത്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് നബീല പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയത്. പ്രാദേശിക വ്യവസായ സംരംഭങ്ങളെ സഹായിക്കുന്ന ഒരു കൺസൾട്ടിംഗ് സംഘടനയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
“മികച്ച ഇല്ലിനോയിയെ സൃഷ്ടിക്കും. ശക്തമായ സമ്പദ്‌വ്യവസ്ഥയും സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങളും മികച്ച ആരോഗ്യ പരിരക്ഷയും ഉന്നത വിദ്യാഭ്യാസവും ലഭ്യമായ ഒരു ഇല്ലിനോയി”- എന്നാണ് നബീല വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനം. തോക്കുകളുടെ ദുരുപയോഗം തടയും, ലിംഗ സമത്വം ഉറപ്പാക്കും, അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കും തുടങ്ങിയ ലക്ഷ്യങ്ങളും നബീല മുന്നോട്ടുവെയ്ക്കുന്നു.
My name is Nabeela Syed. I’m a 23-year old Muslim, Indian-American woman. We just flipped a Republican-held suburban district.
And in January, I’ll be the youngest member of the Illinois General Assembly.
— Nabeela Syed (@NabeelaforIL) November 9, 2022