കോഴിക്കോട്: പാലക്കാട് ജില്ലയിലെ കറുകപുത്തൂർ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ പേരിൽ വ്യാജ കത്ത് നിർമിച്ച് വർഗീയ വിദ്വേഷ പ്രചാരണം. ചാത്തനൂർ വെള്ളടിക്കുന്ന് റോഡരികിൽ നിർമിക്കുന്ന ‘രാജപ്രസ്ഥം’ കല്യാണ ഹാൾ ആർ.എസ്.എസുകാരന്റെതാണെന്നും അത് മുസ്‌ലിംകൾ ബഹിഷ്‌കരിക്കണമെന്നുമാണ് കത്തിലെ ഉള്ളടക്കം. ഒറ്റ നോട്ടത്തിൽ തന്നെ വ്യാജമാണെന്ന് വ്യക്തമാവുന്ന കത്തിൽ ഉപയോഗിച്ചിരിക്കുന്ന ഇസ്ലാമിക പദാവലികൾ എല്ലാം തെറ്റാണ്. സംഘ്പരിവാർ കേന്ദ്രങ്ങളാണ് കത്ത് വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. ഇതോടൊപ്പം വിദ്വേഷപ്രചാരണവും മുസ്‌ലിം സ്ഥാപനങ്ങൾ ബഹിഷ്‌കരിക്കാനുള്ള അഹ്വാനവും നടക്കുന്നുണ്ട്.
‘ഔദു മില്ലാഹി മിനി ശെഹ്ത്താൻ റജീം..’എന്നു പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. ബിസ്മില്ലാഹി റഹ്മാൻ റഹീം, അൽഹംദു ലില്ല’ എന്നുമുണ്ട്. കത്ത് മഹല്ല് കമ്മിറ്റിയുടേതാണ് തോന്നിക്കാനും ഇടയ്ക്കിടയ്ക്ക് ഹലാൽ, ഖുർആൻ, കാഫിർ, നജസ് തുടങ്ങിയ പദാവലികളും ഉണ്ട്. അവയെല്ലാം തെറ്റായാണ് ഉപയോഗിച്ചിരിക്കുന്നതും. ഹറാമായ പരിപാടികൾ അവിടെ നടക്കുന്നതിനാൽ ഏകദൈവ വിശ്വാസികളുടെ ഹലാലായ പ്രവൃത്തികൾ നിഷേധിക്കപ്പെടുന്നത് അനുവദിക്കാൻ സാധിക്കില്ലെന്നും കത്തിൽ പറയുന്നു. നവംബർ 2ന് തയ്യാറാക്കിയ കത്തിൽ ഡെസ്പാച്ച്ഡ് എന്ന സീലും വച്ചിട്ടുണ്ട്.
അതേസമയം, കത്ത് തങ്ങളുടെതല്ലെന്ന് വ്യക്തമാക്കി കറുകപുത്തൂർ മഹല്ല് കമ്മിറ്റി രംഗത്തെത്തി. ‘വെള്ളടിക്കുന്ന് കല്യാണമണ്ഡപത്തിന്റെ ‘പേരിൽ ‘മത വർഗീയ വിപത്ത് നാട്ടിൽ സമാധനം നഷ്ടപ്പെടുത്തി നമ്മുടെ നാട്ടിൽ കലാപം ഉണ്ടാക്കുന്നതിന് വേണ്ടി ഏതോ ഒരു വർഗീയവാദി ഒരു നോട്ടിസ് പ്രചരിപ്പിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് ആയത് കൊണ്ട് ഞങ്ങളുടെ കമ്മിറ്റിയിലോ ഞങ്ങളുടെ സമുദായത്തിൽ പെട്ടവനോ ആണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ലെന്ന് മഹല്ല് കമ്മിറ്റി പ്രസിഡന്റ് മൊയ്തു പ്രസ്താവനയിൽ അറിയിച്ചു.
ഞങ്ങൾ വിശ്വാസിക്കുന്നത് ഇസ് ലാം മതമാണ്. ഇതര മതസ്തരെ ബഹുമാനിക്കുക, അവരുമായി നല്ല രീതിയിൽ സഹകരിച്ചു കഴിയുക, ഏത് നാട്ടിൽ മത വിശ്വാസി ജീവിക്കുന്നുവോ ആ നാട്ടിൽ ആ നാടിനോടും നാട്ടുകാരോടും കൂറു പുലർത്തി സ്വന്തം വിശ്വാസം നിലനിർത്തുന്നതോടൊപ്പം അന്യമതസ്ഥരെ ബഹുമാനിച്ചും സ്‌നേഹിച്ചും ‘കഴിയുക അന്യമതസ്ഥരെ സ്‌നേഹിക്കാതെ ‘ജാതിയും എന്നതാണ് നിലപാട്. വർഗീയതയും തീവ്രവാദവും അക്രമവും നടത്തുന്നവർ എന്റെ മതത്തിൽ പെട്ടവനല്ല എന്ന് പഠിപ്പിച്ച മുഹമ്മദ് നബിയുടെ അനുയായികളാണ് ഞങ്ങൾ.
അതുപോലെതന്നെ കറുകപുത്തൂരും പരിസരപ്രദേശങ്ങളിലും യാതൊരു വിധ മത വിദ്വേഷവും ഇല്ല. വർഗീയ വിഷം കലർത്തുന്ന തീവ്ര വർഗീയ ചിന്താഗതിയുള്ള ആളുകളെ നാം എല്ലാവരും കൂടി ഒറ്റപെടുത്തണം. നമ്മുടെ നാട്ടിലെ എല്ലാ വ്യാപാര വാണ്യജ്യരംഗങ്ങളിൽ ‘ജാതി മത വ്യത്യാസങ്ങളില്ലാതെ നമ്മൾ നാടിന്റെ പുരോഗതി കൂടി ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങുമ്പോൾ നമുക്കിടയിൽ അതിർവരമ്പുകൾ ഉണ്ടാക്കി’ മത ഭ്രാന്തന്മാർ മുതലെടുപ്പു നടത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം നോട്ടീസുകൾ എന്ന് മനസിലാക്കി ‘ ഇത്തരം വർഗ്ഗീയ വാദികളെ ഒറ്റപെടുത്തണം എന്ന് ഓർമിപ്പിക്കുന്നു. ഇത്തരം നോട്ടീസുകളിലൊന്നും ഒരു ഹൈന്ദവ സഹോദരങ്ങൾ ഇസ്ലാം മത വിശ്വാസികളെയും മുസ് ലിം സമുദായത്തെയും തെറ്റിദ്ധരിക്കരുത് എന്നും അഭ്യർഥിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.