മലപ്പുറം: പെരിന്തൽമണ്ണയിൽ ഓടിക്കൊണ്ടിരുന്ന ബസിന്‍റെ മുന്നിലേക്ക് എടുത്തുചാടി യുവാവ്. തുടർന്ന് ബസിന്‍റെ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നും പരാക്രമം നടത്തി. അങ്ങാടിപ്പുറം റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന യുവാവാണ് ആണ് ബസിന്‍റെ മുന്നിലേക്ക് ചാടിയത്. ഇയാളുടെ തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ജൂബിലി ജംഗ്ഷനിൽ എ ബി സി മോട്ടോഴ്സിന് മുന്നിലാണ് സംഭവം. മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന ബസിന് മുന്നിലേക്ക് യുവാവ് ഓടിയെത്തി ഉയർന്ന് ചാടുകയായിരുന്നു. ചില്ല് തകർന്ന് യുവാവ് തെറിച്ചുവീണു.
അൽപനേരം റോഡിലിരുന്ന ശേഷം ഇയാൾ ബസിന്‍റെ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നും പരാക്രമം കാണിക്കുകയായിരുന്നു. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം. ചികിത്സയിലായിരുന്ന യുവാവ് രണ്ട് മാസമായി നാട്ടിലുണ്ട്. പെരിന്തൽമണ്ണ പൊലീസെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം, എറണാകുളം തോപ്പുംപടിയിൽ ബസ് ഇടിച്ച് വഴി യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ പിടിയിലായി. കാക്കനാട് സ്വദേശി അനസ് ആണ് അറസ്റ്റിലായത്. ഒക്ടോബർ എട്ടിനാണ് ഇടക്കൊച്ചി സ്വദേശി ലോറൻസ് ബസ് അപകടത്തിൽ മരിച്ചത്. ഒരു മാസത്തിലേറെയായി അനസ് ഒളിവിൽ ആയിരുന്നു. വഴിയരികിലൂടെ നടന്നുപോകുകയായിരുന്ന ലോറൻസിനെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു.
അപകടമുണ്ടായതിന് പിന്നാലെ ഡ്രൈവർ അനസ് ഒളിവിൽ പോയി. അനസിന് ഒളിവിൽ പോകാൻ സഹായം ചെയ്തത് തൃക്കാക്കര സ്വദേശി അജാസ്, റഫ്സൽ, നവാസ് എന്നിവരാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് അജാസിന്‍റെ കാറിൽ മന്ത്രിയുടെ ഔദ്ധ്യോഗിക വാഹനങ്ങളിൽ ഉപയോഗിക്കുന്ന ‘കേരള സ്റ്റേറ്റ് 12’ എന്നെഴുതിയ ചുവപ്പ് നിറത്തിലുള്ള രണ്ട് നമ്പര്‍ പ്ലേറ്റുകള്‍ കണ്ടെത്തിയത്.