ഐപിഎൽ താരലേലം കൊച്ചിയിൽ; കേരളത്തിൽ ഇതാദ്യം

0
165

കൊച്ചി: ഇത്തവണത്തെ ഐപിഎല്‍ ലേലം ഡിസംബര്‍ 23ന് കൊച്ചിയില്‍ നടക്കും. ബിസിസിഐ ആണ് ഫ്രാഞ്ചൈസികളെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മിനി താരലേലമായിരിക്കും ഇത്തവണ നടക്കുക. ഒരു ദിവസം മാത്രമായിരിക്കും. ലേലം. ഓരോ ടീമിനും പരമാവധി ചെലവഴിക്കാവുന്ന തുക അഞ്ച് കോടി രൂപ ഉയര്‍ത്തി 95 കോടിയാക്കിയിട്ടുണ്ട്. ലേലത്തിന് മുമ്പ് കൈവിടുന്ന താരങ്ങളുടെ പട്ടിക 15ന് മുമ്പ് സമര്‍പ്പിക്കണമെന്നാണ് ബിസിസിഐ നിര്‍ദേശം. ഫ്രാഞ്ചൈസികള്‍ റിലീസ് ചെയ്യുന്നവരാണ് മിനി താര ലേലത്തിലേക്ക് എത്തുക.

ഐപിഎല്‍ ലേലം ഇത്തവണ വിദേശത്ത് നടത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഐപിഎല്‍ ചെയര്‍മാര്‍ അരുണ്‍ ധുമാല്‍ നിഷേധിച്ചിരുന്നു. ലേലത്തിനായി തുര്‍ക്കി നഗരമായ ഇസ്താംബൂളിനേയും വേദിയായി പരിഗണിക്കുന്നുവെന്നായിരുന്നു വാര്‍ത്തകള്‍.

കഴിഞ്ഞ വര്‍ഷത്ത ഐപിഎല്‍ മെഗാ താര ലേലം ബെംഗളൂരുവിലാണ് നടന്നത്. ഓരോ ടീമിനുമുള്ള സാലറി പഴ്സ് 95 കോടി രൂപയായി ഉയര്‍ത്തിയതിനാല്‍ മിനി താരലേലത്തിലും കോടിപതികള്‍ക്ക് ക്ഷാമമുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. നിലവിലെ ധാരണ അനുസരിച്ച് ഈ വര്‍ഷം ഇത് 95 കോടിയായും അടുത്ത വര്‍ഷം 100 കോടിയായും ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന മെഗാ താരലേലത്തില്‍ 107 ക്യാപ്ഡ് താരങ്ങളും 97 അണ്‍ ക്യാപ്ഡ് താരങ്ങളുമാണ് വിവിധ ടീമുകളിലെത്തിയത്. ആകെ 551.7 കോടി രൂപയാണ് കളിക്കാരെ സ്വന്തമാക്കാന്‍ വിവിധ ടീമുകള്‍ ചെലവഴിച്ചത്. 137 ഇന്ത്യന്‍ താരങ്ങളും 67 വിദേശ താരങ്ങളും ലേലത്തില്‍ വിവിധ ടീമുകളിലെത്തി.

ലേലം വിളിക്കാന്‍ പുതിയൊരാള്‍

ഐപിഎല്‍ താരലേലത്തിലെ ലേല വിളിക്കാരനെന്ന നിലയില്‍ പ്രശസ്തനായ ഹ്യുഗ് എഡ്മെഡ്സിന് പകരം പുതിയൊരരാളെ ലേലം വിളിക്കാന്‍ ഏര്‍പ്പെടുത്താന്‍ ബിസിസിഐക്ക് ആലോചനയുണ്ട്. കഴിഞ്ഞ തവണ നടന്ന മെഗാ താരലേലത്തിനിടെ ഹ്യുഗ് എഡ്മെഡ്സ് കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ചാരു ശര്‍മയാണ് പിന്നീട് ലേല നടപടികള്‍ നിയന്ത്രിച്ചത്. ഇത്തവണ ഇന്ത്യക്കാരനായൊരാള്‍ തന്നെ ലേലം നിയന്ത്രിക്കാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ബിസസിഐ ഇക്കാര്യത്തില്‍ മനസു തുറന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here