സംസാരം ആരോഗ്യത്തിന് ഹാനികരമാണോ? തീർച്ചയായും ഹാനികരമല്ല. പക്ഷേ, പലപ്പോഴും അനാവശ്യമായതും അമിതമായതുമായ സംസാരങ്ങൾ നമ്മെ അലോസരപ്പെടുത്താറുണ്ട്. ഇത്തരത്തിലുള്ള സംസാരങ്ങളെ ഇഷ്ടപ്പെടാത്തത് കൊണ്ട് തന്നെ ചിലപ്പോഴെങ്കിലും നമ്മൾ ഏതെങ്കിലും ഒക്കെ വ്യക്തികളിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും ഒഴിഞ്ഞു മാറിയിട്ടും ഉണ്ടാകാം.
എന്നാൽ, ഇത്തരത്തിലുള്ള അനാവശ്യമായ സംസാരങ്ങൾ കുറയ്ക്കുന്നതിന്റെ ആദ്യപടി എന്നോണം ജപ്പാനിലെ ഹെയർ സലൂണുകളിൽ ‘സൈലൻറ് കട്ട് പോളിസി’ നടപ്പിലാക്കിയിരിക്കുകയാണ്. ഇപ്പോൾ ഇവിടെ ഹെയർ സലൂണുകളിൽ മുടി മുറിക്കാൻ ആളുകൾ എത്തിയാൽ ഏതു രീതിയിലാണ് മുടി മുറിക്കേണ്ടത് എന്ന് പറഞ്ഞു കഴിഞ്ഞാൽ പിന്നെ അവിടെ വേറൊരു സംസാരമില്ല. പൂർണ്ണമായ നിശബ്ദത. ഏതായാലും ജപ്പാനിൽ ഈ സൈലൻറ് കട്ട് സ്റ്റൈലിന് ആവശ്യക്കാർ ഏറി വരികയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കൊവിഡ് കാലത്താണ് ആദ്യമായി ജപ്പാനിൽ ഇത്തരത്തിൽ ഒരു രീതി ആളുകൾ ശീലിച്ചു വന്നത്. രോഗത്തിൻറെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആയിരുന്നു ഇവിടുത്തെ ആരോഗ്യവിദഗ്ധർ ജനങ്ങളോട് സംസാരം പരമാവധി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടത്. പ്രത്യേകിച്ച് ഹെയർ സലൂണുകളിലും മറ്റും പോകുമ്പോൾ. ഏതായാലും, ആളുകൾ അതൊരു ശീലമാക്കി. അതോടെ ജപ്പാനിലെ ഹെയർ സലൂണുകളിൽ സൈലൻറ് കട്ട് പോളിസി നടപ്പിലായി.
എന്നാൽ, കൊവിഡും അതിൻറെ വ്യാപന ഭീതിയും കുറഞ്ഞെങ്കിലും ജപ്പാനിലെ ജനങ്ങൾ മിതമായ സംസാരം എന്ന ശീലം ഇപ്പോഴും തുടരുകയാണ്. അനാവശ്യമായി സംസാരിച്ചു കളയുന്ന ഊർജ്ജം മറ്റെന്തെങ്കിലും കാര്യങ്ങൾക്ക് ഉപയോഗിക്കാമല്ലോ എന്നാണ് ഇപ്പോൾ ഇവർ കരുതുന്നത്. അതുകൊണ്ടുതന്നെ ഇവിടുത്തെ ഹെയർ സലൂണുകളിലെ ഒരു പുതിയ ഹെയർ കട്ടിംഗ് രീതിയായി മാറിയിരിക്കുകയാണ് സൈലൻറ് കട്ട്. മുടി മുറിക്കാനായി എത്തുന്നവർ തങ്ങൾക്കു വേണ്ട ഹെയർ സ്റ്റൈൽ ഏതാണെന്ന് പറഞ്ഞു കൊടുത്തു കഴിഞ്ഞാൽ പിന്നെ അവിടെ വേറൊരു വർത്തമാനം ഇല്ല.