ഒരു എട്ടുവയസുകാരിയെ വർഷങ്ങളോളം പുറംലോകം കാണാതെ വീടിനകത്ത് ഒളിപ്പിച്ചതിന് അമ്മയും മുത്തച്ഛനും മുത്തശ്ശിയും ഇപ്പോൾ അന്വേഷണം നേരിടുകയാണ്. ജർമ്മനിയിൽ ആണ് സംഭവം. ഏഴ് വർഷത്തോളമാണ് അമ്മയും അവരുടെ മാതാപിതാക്കളും ചേർന്ന് അവളെ ആരും കാണാതെ ഒരിടത്ത് ഒളിപ്പിച്ചത്.
സപ്തംബർ അവസാനത്തോടെ കുട്ടി മോചിപ്പിക്കപ്പെട്ടു, ഇപ്പോൾ ഫോസ്റ്റർ കെയറിലാണ്. അവൾക്ക് ഇപ്പോൾ പടികൾ കയറുന്നത് പോലെയുള്ള ഓരോ ദിവസത്തെയും കാര്യങ്ങൾ സാധാരണ പോലെ ചെയ്യാൻ ബുദ്ധിമുട്ടുണ്ട് എന്ന് അധികൃതർ പറയുന്നു. അവൾ ജീവിതത്തിൽ ഇന്നേവരെ ഒരു കാടോ പുൽമേടോ മൈതാനമോ കണ്ടിട്ടില്ല എന്നും അവർ പറഞ്ഞു.
അവളുടെ അമ്മ അധികൃതരോടും എല്ലാവരോടും പറഞ്ഞിരുന്നത് അവർ ഇറ്റലിയിലേക്ക് പോയി എന്നാണ്. എന്നാൽ, ഏഴ് വർഷമായി അവർ ജർമ്മനിയിൽ ഉണ്ടായിരുന്നു. ആരും കാണാതെ ആ വീടിന്റെ ഒരു ഭാഗത്ത് കുട്ടിയെ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പുറംലോകവുമായി ഒരു ബന്ധവും വരാത്ത വണ്ണമാണ് കുട്ടിയെ ഒളിപ്പിച്ചിരുന്നത്. അവൾ ഒരിക്കലും സ്കൂളിലോ, പുറത്ത് കളിക്കാനോ ഒന്നും തന്നെ പോയിട്ടില്ല.
എന്നാൽ, കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതിനോ ശരിക്കും ഭക്ഷണം നൽകാത്തതിനോ ഒന്നും തെളിവില്ല. കുട്ടിയെ ഇപ്പോൾ ചൈൽഡ് സൈക്കോളജിസ്റ്റുകൾ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. കുട്ടിക്ക് പുറംലോകം തികച്ചും മറ്റൊരു ഗ്രഹം പോലെ ആണ് തോന്നുന്നത് എന്നാണ് ചൈൽഡ് പ്രൊട്ടക്ഷൻ അസോസിയേഷനിൽ നിന്നും ഉള്ളവർ പറയുന്നത്.
എന്താണ് സംഭവിച്ചത്, എന്തിനാണ് കുട്ടിയെ അടച്ചിട്ടത് എന്ന കാര്യത്തിൽ ഇതുവരെയും അമ്മയോ അവരുടെ മാതാപിതാക്കളോ ഒന്നും പറഞ്ഞിട്ടില്ല. അത് അന്വേഷിച്ച് വരികയാണ്. എന്നാൽ, കുട്ടിയുടെ അമ്മയും അച്ഛനും കുട്ടി ജനിക്കുന്നതിന് തൊട്ടുമുന്നേ പിരിയുകയായിരുന്നു. കോടതി ജോയിൻ കസ്റ്റഡി ആണ് പറഞ്ഞിരുന്നത്. എന്നാൽ, അച്ഛൻ കുട്ടിയെ കൊണ്ടുപോകാതിരിക്കാനായിരിക്കാം കുട്ടിയെ അടച്ചിട്ടത് എന്നാണ് കരുതുന്നത്.
കുട്ടിയുടെ അമ്മ എല്ലാവരോടും പറഞ്ഞിരുന്നത് അവർ ഇറ്റലിയിലേക്ക് പോയി എന്നാണ്. എന്നാൽ, അവർ തന്റെ മാതാപിതാക്കളോടൊപ്പം ജർമ്മനിയിൽ തന്നെ ഉണ്ടായിരുന്നു. 24,000 ആളുകൾ വസിക്കുന്ന ആ ഗ്രാമത്തിൽ ആരും അറിയാതെ വീട്ടിൽ അവർ കുട്ടിയെ അടച്ചിടുകയായിരുന്നു. എന്നാൽ, ഇതിനിടയിൽ വീട്ടിൽ ഒരു കുട്ടിയുണ്ട് എന്ന് സംശയിക്കുന്നതായി അധികൃതർക്ക് രണ്ട് തവണ ആരോ വിവരം നൽകിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ കുട്ടിയെ ഒളിപ്പിച്ച് വച്ചതായി തെളിയിക്കുന്ന തരത്തിൽ ഒരു തെളിവും കിട്ടിയിരുന്നില്ല.
ഈ വർഷം ജൂണിലാണ് മറ്റൊരു കുടുംബം ആ വീട്ടിൽ ഒരു കുട്ടിയുള്ളതായി അധികൃതരെ അറിയിച്ചത്. അന്വേഷണത്തിൽ കുട്ടിയുടെ അമ്മ ഒരിക്കലും ഇറ്റലിയിലേക്ക് പോയിട്ടില്ല എന്നും അവർ കുട്ടിയേയും അടച്ചിടുകയായിരുന്നു എന്നും കണ്ടെത്തി. അമ്മയ്ക്കും അവരുടെ മാതാപിതാക്കൾക്കും എതിരെ അന്വേഷണം നടക്കുകയാണ്. 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് അമ്മ ചെയ്തിരിക്കുന്നത്.