സ്വർണാഭരണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 2.11 കോടി കവർന്ന കേസിൽ ഷിറിയ കുന്നിൽ സ്വദേശി അറസ്റ്റിൽ

0
257

കാസർകോട്: സ്വർണാഭരണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 2.11 കോടി രൂപ കവർന്ന കേസിൽ കുമ്പള സ്വദേശിയെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. ഷിറിയ കുന്നിൽ പുതിയങ്ങാടിയിലെ കബീർ (35)നെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

ഉത്തര കർണാടകയിലെ സിർസി യെല്ലാപ്പുര പോലീസ് സ്റ്റേഷൻ പരിധിയിൽ കോലാപ്പൂർ കാലഭൈരിയിലെ നിലേഷ് പാണ്ഡുരംഗ നായികി(29)നെ കൊള്ളയടിച്ച കേസിലാണ് അറസ്റ്റ്.

ജൂവലറികളിൽ ആഭരണമെത്തിക്കുന്നയാളാണ് പാണ്ഡുരംഗ നായിക്. ഒക്ടോബർ രണ്ടിന് ഉച്ചയ്ക്ക് ആഭരണങ്ങളും പണവുമായുള്ള യാത്രക്കിടെ നാല് കാറുകളിലായി എത്തിയ കവർച്ചസംഘം പാണ്ഡുരംഗ നായിക്കിനെ കാർ തടഞ്ഞുനിർത്തി കൊള്ളയടിച്ചു.

രണ്ട് മൊബൈൽ ഫോണുകളും കൈക്കലാക്കി. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് മേഖലകളിൽനിന്നുള്ളവരാണ് കൊള്ള സംഘമെന്നാണ് കർണാടക പോലീസിന്റെ നിഗമനം. അംഗഡിമുഗറിൽനിന്ന് വാടകയ്ക്ക് എടുത്ത കാറാണ് കബീർ കൊള്ളയ്ക്കായി ഉപയോഗിച്ചത്.

ഷിറിയയിൽനിന്ന് മൂന്ന് സുഹൃത്തുക്കളും കബീറിനൊപ്പം കവർച്ചയിൽ പങ്കെടുത്തതായാണ് വിവരം.

കബീറിന്റെ വീട്ടിൽനിന്ന് കവർച്ചമുതലും കണ്ടെടുത്തു. കവർച്ചയ്ക്ക് ഉപയോഗിച്ച രണ്ട് കാറകളും കർണാടക പോലീസ് ഇതിനകം പിടിച്ചെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here