ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ തടവിലായ ഇന്ത്യന്‍ നാവികരെ മോചിപ്പിക്കാന്‍ ശ്രമം തുടരുന്നതായി ഇന്ത്യന്‍ എംബസി. നാവികരുമായി ഫോണില്‍ തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ സുരക്ഷിതരാണെന്നും എംബസി വ്യക്തമാക്കി. നാവികരെ തടവു കേന്ദ്രത്തില്‍ നിന്ന് കപ്പലിലേക്ക് മാറ്റിയതായും എംബസി പറഞ്ഞു.
ഓഗസ്റ്റ് ഏഴിന് ദക്ഷിണാഫ്രിക്കയില്‍നിന്ന് നൈജീരിയയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവരാനാണ് ഹെറോയിക് ഐഡന്‍ എന്ന കപ്പല്‍ എത്തിയത്. നോര്‍വേ ആസ്ഥാനമായ ഒ.എസ്.എം. മാരിടൈം എന്ന കമ്പനിയുടേതാണ് കപ്പല്‍. നാവികരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ.എ റഹീം എംപി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചിരുന്നു. വിഷയത്തിലിടപെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ട്വിറ്ററിലൂടെയും എംപി ആവശ്യപ്പെട്ടിരുന്നു.
മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് ഹെറോയിക് ഐഡന്‍ എന്ന കപ്പലിലെ 26 ജീവനക്കാരെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ഗിനിയില്‍ തടവിലാക്കിയത്. ഇവരില്‍ 16 പേര്‍ ഇന്ത്യക്കാരും ഒരാള്‍ പോളണ്ടുകാരനും ഒരാള്‍ ഫിലിപ്പൈന്‍ സ്വദേശിയും എട്ടുപേര്‍ ശ്രീലങ്കക്കാരുമാണ്. തടവിലായവരില്‍ വിസ്മയയുടെ സഹോദരന്‍ വിജിത്തും ഉള്‍പ്പെടുന്നു. കപ്പലിന്റെ ക്യാപ്റ്റന്‍ ഇന്ത്യക്കാരനായ ധനുഷ് മേത്തയാണ്. മലയാളിയായ സനു ജോസാണ് ചീഫ് ഓഫീസര്‍.
Requested Hon. Minister of External Affairs, @DrSJaishankar to urgently intervene in the matter of illegal detention of 16 Indian crew members of MT Heroic Idun in Equitorial Guinea, and to ensure their safe return to India. Hoping for a swift resolution of the issue. pic.twitter.com/NUa279OyyL
— A A Rahim (@AARahimdyfi) November 6, 2022
നാവിഗേറ്റിങ് ഓഫീസറാണ് വിസ്മയയുടെ സഹോദരന്‍ നിലമേല്‍ കൈതോട് സ്വദേശി വിജിത്ത്. കൊച്ചി സ്വദേശിയായ മില്‍ട്ടനും കപ്പലിലുണ്ട്. നൈജീരിയയില്‍നിന്ന് ക്രൂഡ് ഓയില്‍ നിറച്ച് നോട്ടര്‍ഡാമില്‍ ഇറക്കാനായിരുന്നു നിര്‍ദേശം. കപ്പല്‍ നൈജീരിയയില്‍ ചെന്നപ്പോള്‍ സാങ്കേതികതടസ്സംമൂലം താമസമുണ്ടെന്ന് അറിയിച്ചു. അതോടെ ഇവര്‍ നൈജീരിയന്‍ അതിര്‍ത്തിയില്‍ കാത്തിരിക്കുകയായിരുന്നു. ഇതിനിടെ കപ്പലിനടുത്തേക്ക് ഒരുബോട്ട് എത്തി. ഇതുകണ്ട വിജിത്ത് ക്യാപ്റ്റനെ വിവരമറിയിച്ചു. കപ്പല്‍ അന്താരാഷ്ട്ര കപ്പല്‍ച്ചാലിലേക്ക് മാറ്റിയിടുകയും ചെയ്തു. പിറ്റേന്ന് ഇക്വറ്റോറിയല്‍ ഗിനിയയിലെ നേവി ഉദ്യോഗസ്ഥര്‍ കപ്പലിലെത്തി കപ്പലിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് അറസ്റ്റ് എന്നും പറഞ്ഞു.
അറസ്റ്റ് നടന്നിട്ട് ഇപ്പോള്‍ മൂന്നുമാസമായി. തുടര്‍ന്ന് വിശദാന്വേഷണം നടന്നു. രണ്ടു മില്യണ്‍ യു.എസ്.ഡോളര്‍ പിഴയായി ആവശ്യപ്പെട്ടു. ഈ തുക ഒ.എസ്.എം. മാരിടൈം കമ്പനി അടച്ചിട്ടും ഇവരെ വിട്ടയച്ചില്ല. കമ്പനി നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്തു. ആദ്യം അറസ്റ്റ് ചെയ്തശേഷം കപ്പല്‍ജീവനക്കാരെ ഒരു വില്ലയിലേക്ക് മാറ്റി. കമ്പനി പിഴയടച്ചതോടെ അവിടെനിന്ന് ഹോട്ടലിലേക്ക് കൊണ്ടുപോയിരുന്നു.