2.26 ലക്ഷം കോടി സ്വത്ത്; 10.3 ടണ്‍ സ്വര്‍ണം; 15,938 കോടി നിക്ഷേപം; 7123 ഏക്കര്‍ ഭൂമി; സര്‍ക്കാരില്‍ നിക്ഷേപിക്കുന്നതില്‍ വ്യക്തത വരുത്തി തിരുപ്പതി ക്ഷേത്രം

0
150

തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്തുക്കളെക്കുറിച്ചുള്ള വിവാദങ്ങള്‍ ഉയരവെ ധവള പത്രമിറക്കി ദേവസ്വം അധികൃതര്‍. ക്ഷേത്രത്തിന്റെ അധിക ഫണ്ടുകള്‍ ആന്ധ്ര പ്രദേശ് സര്‍ക്കാറില്‍ നിക്ഷേപിക്കാന്‍ ട്രസ്റ്റ് ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളും തീരുമാനിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഈ വാര്‍ത്തകള്‍ അപ്പാടെ തള്ളിയാണ് ക്ഷേത്രം ധവള പത്രമിറക്കിയിരിക്കുന്നത്.

ക്ഷേത്രത്തിണ് 2.26 ലക്ഷം കോടി മൂല്യം വരുന്ന സ്വത്തുക്കളാണ് ഉള്ളതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം വ്യക്തമാക്കി. ഇതില്‍് സ്ഥിര നിക്ഷേപവും സ്വര്‍ണ നിക്ഷേപവും അടക്കമുള്ള സ്വത്തുക്കള്‍ ഉണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ദേശസാത്കൃത ബാങ്കുകളിലായി 10.3 ടണ്‍ സ്വര്‍ണ നിക്ഷേപമുണ്ട്. 5,300 കോടി രൂപ വില വരുന്നതാണ് ഈ നിക്ഷേപം. 15,938 കോടി രൂപയുടെ പണ നിക്ഷേപവും ക്ഷേത്രത്തിനുണ്ട്.

ഇങ്ങനെ ആകെ 2.26 ലക്ഷം കോടി മൂല്യം വരുന്ന സ്വത്തു വകകളാണ് ക്ഷേത്രത്തിനുള്ളതെന്നും തിരുമല തിരുപ്പതി ദേവസ്ഥാനം ധവളപത്രത്തില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ 960 ഓളം ഇടങ്ങളിലായി ആകെ 7123 ഏക്കര്‍ ഭൂമിയുണ്ട്. ഭക്തരുടെ വഴിപാടുകള്‍ വഴിയും ക്ഷേത്രം നടത്തുന്ന സ്ഥാപനങ്ങളും വ്യാപാരങ്ങളും വഴി ലഭിച്ച വരുമാനമാണിതെന്നും ധവള പത്രം വ്യക്തമാക്കുന്നു. ക്ഷേത്രത്തിന്റെ അധിക തുക സര്‍ക്കാരില്‍ നിക്ഷേപിക്കില്ലെന്നും പകരം ഷെഡ്യൂള്‍ഡ് ബാങ്കുകളിലേക്ക് മാറ്റുമെന്നും ട്രസ്റ്റ് അറിയിച്ചു. ക്ഷേത്ര സമ്പത്തിനെക്കുറിച്ച് ഉയര്‍ന്നിരിക്കുന്ന വിവാദം അവസാനിപ്പിക്കണമെന്നും തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here