കൊച്ചി: ഏകപക്ഷീയമായി വിവാഹമോചനം ആവശ്യപ്പെടാൻ മുസ്ലീം സ്ത്രീയ്ക്ക് അവകാശമുണ്ടെന്ന് ആവർത്തിച്ച് കേരളാ ഹൈക്കോടതി. ഇത് ഇസ്ലാമിക നിയമം അംഗീകരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. മുസ്ലീം സ്ത്രീക്ക് ഇസ്ലാമിക വിവാഹ മോചന മാർഗമായ ഖുലയെ ആശ്രയിക്കാനുള്ള അവകാശം കോടതി അംഗീകരിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് സി എസ് ഡയസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്.
“ഭർത്താവ് സമ്മതം നൽകാൻ വിസമ്മതിക്കുമ്പോൾ ഭാര്യയ്ക്ക് വിവാഹമോചനം തേടാം. ഇത് ഇസ്ലാം അനുവദിക്കുന്നുണ്ടെന്നും കോടതി ചൂണ്ടികാട്ടി. മുസ്ലീം സമുദായത്തിലെ വ്യക്തിനിയമവുമായി ബന്ധപ്പെട്ട കേസിൽ നിയമപരിജ്ഞാനമില്ലാത്ത മുസ്ലീം പുരോഹിതരെ ആശ്രയിച്ച് വിധി പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി. ‘ഖുല’ (Khula) ചൊല്ലി ഏകപക്ഷീയമായി വിവാഹമോചനം നേടാൻ മുസ്ലീം സ്ത്രീക്ക് അവകാശമുണ്ടെന്ന മുൻ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ശ്രദ്ധേയമായ പല പരാമർശങ്ങളും കേരളാ ഹൈക്കോടതി ഇതോടനുബന്ധിച്ച് നടത്തി.
എന്താണ് ഖുല? മുസ്ലീം സ്ത്രീകൾക്ക് വിവാഹമോചനം നേടാനുള്ള അവകാശത്തെക്കുറിച്ച് കേരളാ ഹൈക്കോടതി പറഞ്ഞത് എന്താണ്? അതേക്കുറിച്ച് കൂടുതൽ മനസിലാക്കാം.
എന്താണ് ഖുല? ഇതു സംബന്ധിച്ച് കോടതി പറഞ്ഞതെന്ത്?
ഇസ്ലാമിക രീതിയിലുള്ള വിവാഹമോചന മാര്‍ഗമായ ‘ഖുല’ ചൊല്ലി മുസ്ലീം സ്ത്രീക്ക് വിവാഹമോചനം നേടാവുന്നതാണെന്നും ഇസ്ലാമിക നിയമം ഇത് അംഗീകരിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ഭർത്താവ് തലാഖ് ചൊല്ലി ഭാര്യയിൽ നിന്ന് വിവാഹബന്ധം വേർപെടുത്തുന്നതിന് സമാനമാണിത്. ഈ രാജ്യത്ത് മുസ്ലീം സ്ത്രീകൾക്ക് നൽകിയിട്ടുള്ള വിവാഹമോചന അവകാശം നേടുന്നതിന് മറ്റ് മാർഗ്ഗങ്ങളൊന്നുമില്ലെങ്കിൽ, അവരെ സ്വന്തമായി ഖുല ചൊല്ലാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയിൽ കോടതിക്ക് തീരുമാനമെടുക്കാം. ഇക്കാര്യത്തിൽ സ്ത്രീകളുടെ അവകാശങ്ങളോടൊപ്പമാണ് നിൽക്കുകയെന്നും കോടതി പറഞ്ഞു. ഭർത്താവ് സമ്മതം നൽകാതിരിക്കുമ്പോൾ ഭാര്യയുടെ ആഗ്രഹത്തിനനുസരിച്ച് മുസ്ലീം സ്ത്രീകൾക്ക് വിവാഹമോചനം നേടാനുള്ള നിയമം നിലവിൽ രാജ്യത്തില്ല.
നിയമം അറിയാത്ത മതപുരോഹിതന്മാരുടെ അഭിപ്രായങ്ങൾ പരിഗണിക്കില്ലെന്ന് കോടതി
“കോടതിക്ക് നിയമപരിജ്ഞാനമില്ലാത്ത മുസ്ലീം പുരോഹിതരുടെ അഭിപ്രായങ്ങളെ ആശ്രയിക്കാനാകില്ല. വിശ്വാസങ്ങളുമായും ആചാരങ്ങളുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ, അവരുടെ അഭിപ്രായം കോടതി മാനിക്കുന്നു. എന്നാൽ അവരുടെ കാഴ്ചപ്പാടുകളും കോടതിയുടെ കാഴ്ചപ്പാടുകളും വ്യത്യസ്തമായിരിക്കും”, ഹൈക്കോടതി നിരീക്ഷിച്ചു.
ഈ കേസിലെ നിയമപരമായ ആശയക്കുഴപ്പം ഒറ്റപ്പെട്ട സംഭവമല്ലെന്നും കോടതി പറഞ്ഞു. നിയമത്തിൽ യാതൊരു പരിജ്ഞാനവും ഇല്ലാത്ത ചില മുസ്ലീം പണ്ഡിതന്മാർ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരു പറഞ്ഞ് ഇസ്ലാമിക നിയമങ്ങൾ വിശദീകരിക്കാൻ തുടങ്ങിയതോടെയാണ് ഈ ആശയക്കുഴപ്പങ്ങൾ ആരംഭിച്ചത്. മുസ്ലീം സമുദായത്തിനുള്ളിൽ സാമൂഹികവും സാംസ്കാരികവുമായ ഒരു ക്രമം സൃഷ്ടിക്കുന്നതിന് നിയമപരമായ ചില മാനദണ്ഡങ്ങൾ കൂടി പാലിക്കണമെന്നും കോടതി പറഞ്ഞു.