സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ‘ദ കേരള സ്‌റ്റോറി’ എന്ന സിനിമയുടെ ടീസർ വിവാദമാകുന്നു. കേരളത്തിൽ നിന്ന് 32,000 പെൺകുട്ടികൾ ഐഎസിലേക്ക് മതം മാറ്റപ്പെട്ടിട്ടുണ്ടെന്നാണ് ടീസറിൽ പറയുന്നത്.
‘ഒരു സാധാരണ പെൺകുട്ടിയെ അപകടകാരിയായ തീവ്രവാദിയാക്കി മാറ്റാൻ വലിയ കളിയാണ് കേരളത്തിൽ നടക്കുന്നത്. അതും പരസ്യമായി. ആരുമില്ലേ ഇത് തടയാൻ’- ടീസറിലെ കഥാപാത്രം പറയുന്നതിങ്ങനെ.
എന്നാൽ ട്രെയ്‌ലറിൽ പറഞ്ഞിരിക്കുന്നത് പ്രകാരമുള്ള വിവരങ്ങൾ പച്ചക്കള്ളമാണെന്ന് രാഹുൽ ഈശ്വർ ട്വീറ്റ് ചെയ്തു. സ്ത്രീയെയും പുരുഷനേയും കൂട്ടി 100 പേർ മാത്രമേ ഐഎസിൽ പോയിരിക്കാൻ സാധ്യതയുള്ളുവെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
‘നന്നായി ചിത്രീകരിച്ച ട്രെയ്‌ലറാണ്. അദാ ഷർമയുടെ നല്ല അഭിനയവും. പക്ഷേ റിതു റാതുർ, 32,000 പെൺകുട്ടികൾ കേരളത്തിൽ നിന്ന് ഐഎസിലേക്ക് പോയി എന്നത് വലിയ കള്ളമാണ്. സിനിമയ്ക്ക് വേണ്ടിയുള്ള ചെറിയ എക്‌സാഗരേഷൻ മനസിലാക്കാം. നൂറിനടുത്ത് എന്നതാണ് ശരിയായ എണ്ണം. സത്യമാണ് ദൈവം.’- രാഹുൽ ഈശ്വർ കുറിച്ചതിങ്ങിനെ.
ട്വിറ്ററിൽ ട്രെയ്‌ലറിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. കേരളത്തെ കരിവാരിത്തേക്കാനുള്ള പ്രോപഗണ്ട വിഡിയോ മാത്രമാണ് ട്രെയ്‌ലറെന്നാണ് ട്വിറ്ററാറ്റികൾ ആരോപിക്കുന്നത്.