ഇന്ത്യക്ക് അനുകൂലമായി തീരുമാനമെടുത്തു, അമ്പയര്‍ മറൈസ് ഇറാസ്മസിനെതിരെ സൈബര്‍ ആക്രമണവുമായി പാക് ആരാധകര്‍

0
238

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ അഞ്ച് റണ്‍സിന് കീഴടക്കി സെമി സാധ്യതകള്‍ വര്‍ധിച്ചപ്പോള്‍ പുറത്തേക്കുള്ള വഴിയിലായത് പാക്കിസ്ഥാനാണ്. ഇന്നലെ ബംഗ്ലാദേശ് ജയിച്ചിരുന്നെങ്കില്‍ ഇന്ത്യക്കും ബംഗ്ലാദേശിനുമൊപ്പം പാക്കിസ്ഥാനും സെമി സാധ്യത ഉണ്ടാവുമായിരുന്നു. എന്നാല്‍ ബംഗ്ലാദേശ് ഇന്നിംഗ്സിനിടെ മഴ തടസപ്പെടുത്തിയ മത്സരത്തില്‍ മഴക്കുശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ ഇന്ത്യ കൈവിട്ട ജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

20 ഓവറില്‍ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് ഏഴോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സെന്ന സ്കോറില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. ഈ സമയം ബംഗ്ലാദേശ് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആവശ്യമായ സ്കോറിനെക്കോള്‍ 17 റണ്‍സ് മുന്നിലായിരുന്നു. എന്നാല്‍ കനത്ത മഴക്കുശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ ബംഗ്ലാദേശ് ലക്ഷ്യം 16 ഓവറില്‍ 154 റണ്‍സായി പുനര്‍ നിര്‍ണയിച്ചു. അവസാനം വരെ പൊരുതിയെങ്കിലും ബംഗ്ലാദേശ് അഞ്ച് റണ്‍സിന് തോറ്റു.

കനത്ത മഴമൂലം ഔട്ട് ഫീല്‍ഡ് നനഞ്ഞു കുതിര്‍ന്നിട്ടും ഇന്ത്യക്ക് അനുകൂലമായി മത്സരം പുനരാരംഭിക്കാന്‍ തീരുമാനമെടുത്തത് അമ്പയര്‍ മറൈസ് ഇറാസ്മസ് ആണെന്നാണ് പാക് ആരാധകരുടെ ആരോപണം. ഇതിലൂടെ പാക്കിസ്ഥാന്‍റെ സെമി സാധ്യതകള്‍ അടക്കുകയായിരുന്നു ഇന്ത്യയുടെ ലക്ഷ്യമെന്നും അവര്‍ ആരോപിക്കുന്നു. ഇന്ത്യക്ക്  അനുകൂലമായാണ് എന്നും ഇറാസ്മസ് പെരുമാറുന്നതെന്ന് ട്വിറ്ററടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെ പാക് ആരാധകർ ആരോപിച്ചു.

പാകിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരത്തിന് ശേഷവും ആരാധകർ ഇറാസ്മസിനെതിരെ വിമർശനവുമായെത്തിയിരുന്നു. അന്ന് അവസാന ഓവറില്‍ വിരാട് കോലിക്കെതിരെ മുഹമ്മദ് നവാസ് എറിഞ്ഞ ഫുള്‍ടോസ് നോ ബോള്‍ വിളിച്ചതായിരുന്നു പാക് ആറാധകരെ ചൊടിപ്പിച്ചത്. 41 ട്വന്‍റി 20 മത്സരങ്ങൾ നിയന്ത്രിച്ച അന്പയറാണ് ദക്ഷിണാഫ്രിക്കക്കാരനായ ഇറാസ്മസ്. പാകിസ്ഥാൻ ഇന്ത്യയോട് തോറ്റതും ഇന്ത്യ,ബംഗ്ലാദേശിനോട് ജയിച്ചതും പാകിസ്ഥാന്‍റെ സാധ്യത ഏറെക്കുറെ അവസാനിപ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here