കായംകുളം: ലഹരിമരുന്നായ എംഡിഎംഎയുമായി കുപ്രസിദ്ധ ഗുണ്ടയും പെൺസുഹൃത്തും അറസ്റ്റിൽ. കായംകുളത്തുനിന്നാണ് ഇരുവരും അറസ്റ്റിലായത്. നിരവധി കേസുകളിൽ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ കലംഅനി എന്ന് വിളിക്കുന്ന മുഹമ്മദ് കുഞ്ഞ് (31), ഇയാളുടെ പെൺസുഹൃത്തായ ഷംന (30) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരിൽനിന്ന് 3.01 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.45 മണിയോടെ കൃഷപുരം മേനാത്തേരി ക്ഷേത്രത്തിന് സമീപത്തുനിന്നാണ് ഇവർ പിടിയിലായത്. ഇരുവരുടെയും വസ്ത്രത്തിലും കാറിലും ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. ഇരുവരും മയക്കുമരുന്ന് വിതരണം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെയടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
സംസ്ഥാനത്ത് പൊലീസ് ലഹരിവിരുദ്ധ വേട്ട ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസ കണ്ണൂരിലെ മമ്പറം മൈലുള്ളിമെട്ടയിൽ എംഡിഎംഎയുമായി യുവാവിനെ എക്സൈസ് പിടികൂടിയിരുന്നു. പാതിരിയാട് സ്വദേശി പി.പി.ഇസ്മയിലിനെയാണ് പിടികൂടിയത്. കാറിൽ കടത്തുകയായിരുന്ന 156.74 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് കണ്ടെടുത്തു .വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. വിപണിയിൽ 14 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇയാള്‍ കൈവശം വെച്ചത്.
വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ ഇയാൾ എംഡിഎംഎ വിതരണം ചെയ്യുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്കായി എക്സൈസ് വലവിരിച്ചത്. കുറച്ചുനാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലുമായിരുന്നു. തുടര്‍ന്ന് ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വലയിലാക്കി. ഇതേ പ്രദേശത്ത് നിന്ന് ഒരു മാസം മുമ്പ് 40 ഗ്രാം എംഡിഎംഎയുമായി മറ്റൊരാൾ പിടിയിലായിരുന്നു. ഇവർ തമ്മിൽ ബന്ധമുണ്ടോ എന്നും ഒരേ ആളാണോ ഇരുവർക്കും എംഡിഎംഎ വിതരണം ചെയ്തതെന്നും എക്സൈസ് പരിശോധിക്കുന്നുണ്ട്. എക്സൈസിന്റെ പിണറായി റേഞ്ചിലെ ഉദ്യോഗസ്ഥരാണ് എംഡിഎംഎ പിടികൂടിയത്.