ഒക്ടോബർ 24 മുതൽ ചില സ്മാർട്ഫോണുകളിൽ വാട്സ് ആപ്പ് ആപ്ലിക്കേഷൻ പ്രവർത്തിക്കില്ല. പഴയ ഫോണുകൾ ഉപയോഗിക്കുന്ന അതായത് ഐഒഎസ് 10, 11 എന്നിവയിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലായിരിക്കും വാട്സ്ആപ്പ് പ്രവർത്തിക്കാതിരിക്കുക. പലർക്കും ഇപ്പോൾ തന്നെ വാട്‌സ്ആപ്പ് ഇക്കാര്യം മുന്നറിയിപ്പായി നൽകിയിട്ടുണ്ട്. ഇതിനുപരിഹാരമായി ഫോണുകൾ അപ്ഡേറ്റ് ചെയ്താൽ മതിയാകും.
പഴയ ഐഫോൺ മോഡലുകൾ ഉപയോഗിക്കുന്നവരും ഏതെങ്കിലും കാരണവശാൽ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ അവരുടെ ഫോണുകളിലും വാട്സ്ആപ്പ് പ്രവർത്തനം നിർത്തുമെന്നാണ് സൂചന. ഇനി ഐഫോണിലാണെങ്കിൽ സെറ്റിങ്സ്>ജനറൽ>സോഫ്റ്റ്വെയർ അപ്ഡേറ്റ് എന്നതിൽ ചെന്ന് സോഫ്റ്റ്വെയർ അപ്ഡേറ്റ് ഉണ്ടോ എന്നു പരിശോധിക്കുക. ഉണ്ടെങ്കിൽ അപ്‌ഡേറ്റ് ചെയ്താൽ പ്രശ്‌നം പരിഹരിക്കാം.
ആപ്പുകളുടെ സുരക്ഷ, പുതിയ ഫീച്ചറുകൾ പ്രവർത്തിക്കാനും, അപ്ഡേറ്റുകൾ എത്തിക്കാനുമുള്ള സൗകര്യം ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് സാങ്കേതികമായി കാലാഹരണപ്പെട്ട ഒഎസുകളെയും ഫോണുകളേയും സേവനം നൽകുന്നതിൽ നിന്ന് ഒഴിവാക്കാനുള്ള കാരണം. മാത്രവുമല്ല ഈ പഴയ ഒഎസ് ഫോണുകൾ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവായിരിക്കും. അവർക്ക് വേണ്ടി മാത്രം സേവനം നൽകുന്നതിന് പണം മുടക്കുന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം ലാഭകരമല്ല.