ഹൈദരാബാദ്: കർണാടകയിലെ ഹിജാബ് നിരോധനം വിശാലബെഞ്ചിന്റെ പരിഗണനയിലിരിക്കെ ഹിജാബുമായി ബന്ധപ്പെട്ട് തെലങ്കാനയിൽ പുതിയ വിവാദം. തെലങ്കാനയിലെ ആദിലാബാദിൽ നടന്ന പൊതുപരീക്ഷയിൽ ഹിന്ദു സ്ത്രീകളോട് താലിയടക്കം ആഭരണങ്ങൾ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെന്നും അതേസമയം, മുസ്‌ലിം വനിതകളെ ബുർഖ ധരിക്കാൻ അനുവദിച്ചെന്നുമാണ് പരാതി ഉയരുന്നത്.
ഒക്‌ടോബർ 16ന് ആദിലാബാദിലെ കോളേജിൽ നടന്ന തെലങ്കാന പി എസ് സി പരീക്ഷയ്ക്കിടെയാണ് സംഭവം. പരാതി ഉയർന്നതിന് പിന്നാലെ ഇത് സംബന്ധിച്ച നിരവധി ദൃശ്യങ്ങളും പ്രചരിച്ചു. ബുർഖ ധരിച്ച ഒരു സ്ത്രീ പരീക്ഷാഹാളിൽ പ്രവേശിക്കുന്നതും മറുവശത്ത് ചിലർ ആഭരങ്ങൾ അഴിച്ചുമാറ്റുന്നതുമായ വീഡിയോ പങ്കുവച്ച് ബി ജെ പി നേതാവ് പ്രീതി ഗാന്ധി പ്രതിഷേധം അറിയിച്ചു. പ്രീണനത്തിനുള്ള ശ്രമമെന്നും അപമാനകരമെന്നും അവർ കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ ന്യൂനപക്ഷങ്ങളെ പ്രീണനപ്പെടുത്താനുള്ള ശ്രമമാണ് തെലങ്കാന സർക്കാർ നടത്തുന്നതെന്ന ആരോപണവുമായി സംസ്ഥാനത്തെ കൂടുതൽ ബി ജെ പി നേതാക്കളും രംഗത്തെത്തി.
This happened yesterday at a Group-1 examination centre in Telangana.
Burqa is allowed but earrings, bangles and payal must be removed. Height of appeasement. Shameful indeed. pic.twitter.com/KL10IG054M
— Priti Gandhi – प्रीति गांधी (@MrsGandhi) October 18, 2022
അതേസമയം, കേന്ദ്ര സർക്കാരിന്റെ പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പ്രകാരമാണ് ജീവനക്കാർ പ്രവർത്തിച്ചതെന്നും തെലങ്കാനയിലെ സാമുദായിക സമാധാനവും ഐക്യവും തകർക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി തെലങ്കാന രാഷ്ട്ര സമിതി (ടി ആർ എസ്) നേതാവ് കൃഷ്ണൻ രംഗത്തുവന്നു. തന്റെ പ്രസ്‌താവന സാധൂകരിക്കുന്ന ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചു.
At one Centre where TSPSC Group 1 Exam was held Police checked all aspirants as per Govt of India competitive exam guidelines without any partiality .
But BJP who wants to disturb the communal peace and harmony of Telangana have shared few selective videos only ! pic.twitter.com/5bhiCG28HJ— krishanKTRS (@krishanKTRS) October 18, 2022
അതിനിടെ ഹിന്ദു വനിതകളെ താലി അഴിപ്പിച്ച നടപടി തെറ്റുപ്പറ്റിയതാണെന്നും പിന്നീട് അത് തിരുത്തിയെന്നും ആദിലാബാദ് എസ് പി ഉദയ് കുമാർ റെഡ്ഡി ഒരു ദേശീയ മാദ്ധ്യമത്തോട് വ്യക്തമാക്കി. മണ്ഡൽ റെവന്യൂ ഓഫീസർക്ക് തെറ്റുപറ്റിയതാണ്. പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും താലി അണിഞ്ഞ് പരീക്ഷയെഴുതാൻ ഹിന്ദു വനിതകളെ അനുവദിച്ചതായും എസ് പി അറിയിച്ചു.